ഇടുക്കി: എം.വി.ഐ.പിയുടെ 140 ഏക്കർ ഭൂമി വനംവകുപ്പിന് വിട്ടു നൽകാനുള്ള നീക്കം ജലസേചനവകുപ്പ് ഉപേക്ഷിക്കണമെന്ന് യു.ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുടയത്തൂർ, അറക്കുളം, മുട്ടം, വെള്ളിയാമറ്റം, ആലക്കോട്, ഇടവെട്ടി ഗ്രാമപഞ്ചായത്തുകളിലെ ജനവാസ മേഖലയോട് ചേർന്ന് കിടക്കുന്ന ഭൂമി വനംവകുപ്പിനെ ഏൽപ്പിക്കാൻ തീരുമാനിച്ച മന്ത്രി റോഷി അഗസ്റ്റിൻ ഈ പ്രദേശങ്ങളിലെ ജനങ്ങളോട് കാട്ടുന്ന അനീതിയാണെന്നും യോഗം കുറ്റപ്പെടുത്തി.നിയോജകമണ്ഡലം ചെയർമാൻ എം.കെ. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ജോയി കൊച്ചുകരോട്ട് പ്രമേയം അവതരിപ്പിച്ചു. നേതാക്കളായ അഡ്വ.ഇ.എം.ആഗസ്തി, ജോയി വെട്ടിക്കുഴി, പ്രൊഫ.എം.ജെ. ജേക്കബ്, അഡ്വ.ജോയി തോമസ്, നോബിൾ ജോസഫ്, മാർട്ടിൻ മാണി, എ.പി.ഉസ്മാൻ, എം.കെ. നവാസ്, എം.ഡി.അർജുനൻ, ഇമ്മാനുവേൽ ചെറുവള്ളാത്ത്, ഫ്രാൻസീസ് കോളപ്ര തുടങ്ങിയവർ പ്രസംഗിച്ചു.