തൊടുപുഴ: ഇക്കോ സെൻസിറ്റീവ് സോൺ വിഷയത്തിൽ എൽ.ഡി.എഫും യു.ഡി.എഫും പൊതുജനത്തെ കബളിപ്പിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2019 ഒക്ടോബർ 23ന് കൂടിയ സംസ്ഥാന മന്ത്രിസഭാ യോഗമാണ് ഇക്കോ സെൻസിറ്റീവ് സോൺ ഒരു കി.മീ. ദൂരപരിധിയാക്കാൻ തീരുമാനിച്ചത്. ആ തീരുമാനം തിരുത്തി കോടതിയോടും പൊതുജനത്തോടും മാപ്പുപറയണം. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ആഗസ്ത് മൂന്നിന് പാർലമെന്റിൽ ഈ വിധി കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണന്നും സംസ്ഥാന സർക്കാരുകൾ വിധിയുടെ അടിസ്ഥാനത്തിൽ ഇളവുകൾക്ക് അപേക്ഷ നൽകേണ്ടതാണന്നും പറഞ്ഞിട്ടുള്ളതാണ്. കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്ത് കർഷകർക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിച്ചു. സെപ്തംബർ എട്ടിനാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്ത് കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്. തോട്ടത്തിൽ ബി. രാധാകൃഷ്ണ മേനോൻ കമ്മിറ്റിയും ഉപഗ്രഹ സർവ്വേയും പ്രഖ്യാപിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ഇടത് സർക്കാർ ചെയ്തിട്ടുള്ളത്. ഇടത് സർക്കാരിന്റെ തെറ്റായ നടപടികൾ കൊണ്ട് നാല് ലക്ഷം ഏക്കർ കൃഷി ഭൂമിയും ഒന്നര ലക്ഷം വീടുകളും ആശങ്കയിലാണ്. കേന്ദ്രത്തിനെതിരെ മത്സരിച്ച് ഹർത്താലുകൾ പ്രഖ്യാപിക്കുന്ന ഇടത് വലത് മുന്നണികൾ ജനങ്ങളെ കബളിപ്പിക്കുകയാണ്. യു.പി.എ സർക്കാർ 2011 ഫെബ്രുവരി ഒമ്പതിന് പുറപ്പെടുവിച്ച മാർഗരേഖയിൽ ഇക്കോസെൻസിറ്റീവ് സോൺ 10 കി.മീ ആക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. അതേ കോൺഗ്രസ് ബി.ജെ.പിക്കെതിരെ ജില്ലയിൽ നിരവധിയായ ഹർത്താലുകൾ നടത്തിയത് അവരുടെ ജനവിരുദ്ധ സമീപനത്തെയാണ് കാണിക്കുന്നത്. കേന്ദ്ര സർക്കാരും ബി.ജെ.പിയും ഒരു കർഷകന്റെയും ഭൂമിയോ വീടോ നഷ്ടപ്പെടുത്താൻ അനുവദിക്കില്ലെന്നും കർഷകരോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കോസെൻസിറ്റീവ് സോൺ വിഷയത്തിൽ കർഷകർക്കൊപ്പം നിന്നുകൊണ്ട് ജനുവരി15ന് ഏകദിന ഉപവാസ സമരവും 20 മുതൽ നിയോജക മണ്ഡലം പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ പദയാത്രകളും പൊതുയോഗങ്ങളും സംഘടിപ്പിക്കാൻ തീരുമാനിച്ചു. വാർത്താസമ്മേളനത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, മദ്ധ്യമേഖല പ്രസി‌ഡന്റ് എൻ. ഹരി, ജില്ലാ ജനറൽ സെക്രട്ടറി വി.എൻ. സുരേഷ് എന്നിവർ പങ്കെടുത്തു.