തൊടുപുഴ: ഇടുക്കി ജവഹർ നവോദയ വിദ്യാലയത്തിന്റെ 35-ാം വാർഷികം 31,​ 1 തീയതികളിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോറൽ ജൂബിലി ആഘോഷത്തിന് പൂർവ്വവിദ്യാർത്ഥി സംഘടനയും വിദ്യാലയും നേതൃത്വം നൽകും. 2500ലധികം പൂർവ്വവിദ്യാർത്ഥികളും 500ലധികം സ്‌കൂൾ വിദ്യാർത്ഥികളും വിരമിച്ചവരടക്കമുള്ള അദ്ധ്യാപകരും അനദ്ധ്യാപകരും രക്ഷാകർത്താ പ്രതിനിധികളും പങ്കെടുക്കും. ഒന്നിന് നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റ്യൻ,​ ഡീൻ കുര്യാക്കോസ് എം.പി,​ ജില്ലാ കളക്ടർ ഷീബാ ജോർജ്ജ് എന്നിവർ പങ്കെടുക്കും. സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനവും ചടങ്ങിൽ നടക്കും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പൂർവ്വവിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അനദ്ധ്യാപകരെയും ആദരിക്കും. അനുയാത്ര എന്ന പരിപാടിയിലൂടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 35 ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പൂർവ്വവിദ്യാർത്ഥി സംഘടന സഹായമെത്തിച്ചു. കോറൽ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിലെ ആരോഗ്യസംവിധാനം മെച്ചപ്പെടുന്നതിനായി ഒരു മെഡിസിൻ റൂം സംഘടന നിർമ്മിച്ചു നൽകും. ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പൂർവ്വവിദ്യാർത്ഥികൾക്കുള്ള സഹായവിതരണവും പരിപാടിയുടെ ഭാഗമായി ഉണ്ടാകും. പൂർവ്വവിദ്യാർത്ഥികൾ,​ വിദ്യാർത്ഥികൾ,​ അദ്ധ്യാപകർ,​ അനദ്ധ്യാപകർ എന്നിവർ പങ്കെടുക്കുന്ന കലാപരിപാടികളും കായികമത്സരങ്ങളും ആഘോഷങ്ങളുടെ ഭാഗമായി നടക്കും. സ്കൂൾ പ്രിൻസിപ്പൽ എസ്.ജെ. അന്നാശേരി,​ അലുമ്നി അസോസിയേഷൻ സെക്രട്ടറി ജയൻ കെ.ജി,​ ജോയിന്റ് സെക്രട്ടറിമാരായ ഷിയാസ് കെ.എ,​ രാജാറാം ആർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.