
മറയൂർ: ചുരുളിപെട്ടി ഓലമിനുക്കി കുഴി നീർച്ചാലിന് സമീപം ചെരിഞ്ഞ നിലയിൽ കണ്ടെത്തിയ കൊമ്പനാനയുടെ ജഡം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിലെ കരിമുട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെട്ടതാണ് സ്ഥലം. ശരീരത്തിലെ മുറിവിൽ നിന്നുണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച ചിന്നാറിലെ ട്രക്കർമാർ കാട്ടിൽ റോന്ത് ചുറ്റുന്നതിനിടെയാണ് 25 വയസ് പ്രായമുള്ള കൊമ്പനാനയുടെ ജഡം കണ്ടത്. വിവരം മൂന്നാർ വൈൽഡ് ലൈഫ് വാർഡനെ അറിയിച്ചു. തുടർന്ന് തേക്കടിയിൽ നിന്ന് അസി. വെറ്റിനറി സർജൻ ഡോ. അനുരാജ്, മൂന്നാർ അസി. വെറ്റിനറി സർജൻ നിഷാ റെയ്ച്ചൽ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പോസ്റ്റുമോർട്ടം നടത്തി. വൈൽഡ് ലൈഫ് വാർഡൻ എസ്.വി. വിനോദ്, ചിന്നാർ അസി. വൈൽഡ് ലൈഫ് വാർഡൻ നിഥിൻ ലാൽ, ചിന്നാർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ദിവാകരൻ സി.എസ്, കരിമുട്ടി സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ ഇൻ ചാർജ് കെ.എസ്. മുത്തുകുമാർ എന്നിവരടങ്ങുന്ന സംഘവും സ്ഥലത്തെത്തി. വ്യക്തമായ മരണകാരണം കണ്ടുപിടിക്കാനായി സാമ്പിളുകൾ ശേഖരിച്ചതായും പരിശോധന ഫലം വന്നാൽ മാത്രമേ യഥാർത്ഥ കാരണം വ്യക്തമാവുകയുള്ളൂവെന്നും ചിന്നാർ അസി. വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.അടുത്ത ദിവസങ്ങളിലായി ജില്ലയിൽ നാല് കാട്ടാനകളാണ് ചരിഞ്ഞത്.