ഇടുക്കി: ബഫർ സോൺ മേഖല നിർണ്ണയിക്കുന്നതിന് ഉപഗ്രഹ സർവേ നടത്തി നിർണ്ണയിച്ചിട്ടുള്ള പ്രദേശങ്ങളെക്കുറിച്ചുള്ള അവ്യക്തതകൾ പരിഹരിക്കുന്നതിന് ഫീൽഡ് സർവ്വെകൾ കൂടുതൽ പ്രാധാന്യത്തോടെ നടത്താൻ തീരുമാനം. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് വിളിച്ചു ചേർത്ത രണ്ടാംഘട്ട സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. ഫീൽഡ് സർവേ നടത്തി തയ്യാറാക്കുന്ന മാപ്പായിരിക്കും ബഫർ സോണിന് അടിസ്ഥാനമെന്ന് മന്ത്രി പറഞ്ഞു. ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും പരമാവധി ഒഴിവാക്കി സർവേ നടത്തുന്നതിന്റെ പ്രായോഗികത പരിശോധിക്കും. ഫീൽഡ് സർവേയുടെ ആദ്യഘട്ട റിപ്പോർട്ട് അഞ്ചാം തിയതിയ്ക്കകം സമർപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. വനാതിർത്തിക്കുള്ളിൽ തന്നെ ബഫർ സോൺ നിശ്ചയിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. വനം വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം റവന്യൂ പഞ്ചായത്ത് വകുപ്പുകളും സംയുക്തമായി പ്രവർത്തിക്കും. റവന്യൂ വകുപ്പിന്റെ കൈയിലുള്ള സ്ഥലത്തിന്റെ രേഖകൾ സർവേയിൽ ഉപയോഗിക്കും. ബഫർസോൺ വിഷയത്തിൽ കക്ഷി രാഷ്ട്രീയമില്ല. ജില്ലയുടെ പൊതുപ്രശ്‌നമായാണ് സർവകക്ഷി യോഗം ഈ വിഷയത്തെ കാണുന്നതെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ഇതുവരെ സ്വീകരിച്ച പ്രവർത്തനങ്ങളും ചർച്ച ചെയ്തു. സർവകക്ഷി യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി, എം.എം. മണി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബ ജോർജ്, സബ് കളക്ടർ അരുൺ എസ്. നായർ, ഡെപ്യൂട്ടി കളക്ടർമാരായ കെ.പി. ദീപ, മനോജ് കെ, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളായ സി.വി. വർഗീസ്, കെ.സലിംകുമാർ, സി.പി. മാത്യു, പി. രാജൻ, അനിൽ കൂവപ്ലാക്കൽ, ഷിജോ തടത്തിൽ, എം.ജെ. ജേക്കബ്, പി.കെ. ജയൻ തുടങ്ങിയവർ പങ്കെടുത്തു.