തൊടുപുഴ: പ്രകൃതി ദുരന്തങ്ങളെ എങ്ങനെ ഫലപ്രദമായി അതിജീവിക്കാൻ നടപടികൾ കൈക്കൊള്ളാമെന്നതിന് ദുരന്ത നിവാരണ അതോററ്റിയുടെ നിർദേശപ്രകാരം ജില്ലയിൽ അഞ്ചിടങ്ങളിൽ മോക്ഡ്രിൽ നടത്തി. മണ്ണിടിച്ചിൽ സംഭവിച്ചാൽ ദുരന്തനിവാരണ പ്രവർത്തനം എങ്ങനെ നടത്തണം എന്നതായിരുന്നു ജില്ലയിൽ മോക്ഡ്രിൽ നിർദ്ദേശം. ജില്ലാ കലക്ടർ ഷീബ ജോർജ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ് തുടങ്ങിയവർ ജില്ലാ ദുരന്തനിവാരണ കേന്ദ്രത്തിൽ നിന്നും രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
കുടയത്തൂർ ചപ്പാത്ത്, കൽകൂന്തൽ വില്ലേജ്, ചോറ്റുപാറ, മൂന്നാർ ന്യൂ കോളനി, കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ട് എന്നീ അഞ്ച് കേന്ദ്രങ്ങളിലാണ് മോക്ഡ്രിൽ നടത്തിയത്.

കട്ടപ്പന മുനിസിപ്പാലിറ്റി ഓഫീസിന് സമീപത്ത് വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായതായാണ് ഇടുക്കി താലൂക്കിലെ മോക്ഡ്രിൽ നടത്തിയത്. നഗരസഭ അദ്ധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ, ഡിവൈ.എസ്.പി നിഷാദ് മോൻ, സി.ഐ വിശാൽ ജോൺസൺ, മെഡിക്കൽ ഓഫീസർ ഡോക്ടർ ജിസാന്ത് ബി ജെയിംസ്, നഗരസഭ സെക്രട്ടറി പ്രകാശ് കുമാർ പാങ്ങോട് മിലിറ്ററി ക്യാമ്പിലെ ഒബ്‌സർവർ എൽ. എസ് തോമസ് മോക്ക്ഡ്രില്ലിന് നേതൃത്വം നൽകി.

ഉടുമ്പഞ്ചോല താലൂക്കിൽ കൽക്കൂന്തൽ വില്ലേജ് ഓഫീസ് പരിസരത്ത് മണ്ണിടിച്ചിൽ അകപ്പെട്ടു പരിക്ക് പറ്റിയ മൂന്നുപേരെയും മണ്ണിനടിയിൽപ്പെട്ടുപോയ ഒരാളെയും ഫയർഫോഴ്‌സ് റെസ്‌ക്യൂ ടീം അംഗങ്ങൾ തെരച്ചിലിൽ കണ്ടെത്തി സ്‌ട്രെച്ചറിൽ തൊട്ടു താഴെയായുള്ള വില്ലേജ് ഓഫീസ് കെട്ടിടത്തിലേക്ക് സുരക്ഷിതമായി മാറ്റുന്നതായിരുന്നു മോക്ഡ്രിൽ.

പ്രളയത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും പ്രവർത്തന രീതികളും പൊതുജനങ്ങൾക്ക് മനസിലാക്കാനും അടിയന്തിര സാഹചര്യങ്ങളിൽ വിവിധ വകുപ്പുകളെ ഏകോപിച്ച് കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനുമായി സംസ്ഥാന ദുരന്ത നിവാരണ അതോററ്റിയുടെ നിർദ്ദേശപ്രകാരം പീരുമേട് താലൂക്കിൽ നടത്തിയ മോക്ഡ്രിൽ വിജയകരമായി പൂർത്തീകരിച്ചു.
ദേവികുളം താലൂക്കിൽ മൂന്നാർ ന്യൂ കോളനിയിലായിരുന്നു മോക്ഡ്രില്ലിനായുള്ള ദുരന്ത മേഖല തിരഞ്ഞെടുത്തത്. ദുരന്ത സമാന സാഹചര്യം സൃഷ്ടിച്ച് പൊലീസും ഫയർഫോഴ്‌സും മറ്റിതര വകുപ്പുകളും കർമ്മനിരതരായി.പരിക്കേറ്റവരെ വേഗത്തിൽ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുന്നത് സേനയുടെയും ഉദ്യോഗസ്ഥരുടെയും പങ്കാളിത്തതോടെ കോളനിയിൽ ആവിക്ഷ്‌ക്കരിച്ചു. തൊടുപുഴ താലൂക്കിൽ സംഘടിപ്പിച്ച മോക്ക്ഡ്രില്ലിന്റെ ഭാഗമായാണ് കുടയത്തൂർ പഞ്ചായത്തിലെ ചപ്പാത്തിൽ ഉരുൾപൊട്ടൽ പ്രതീകാത്മകമായി ആവിഷ്‌കരിക്കുകയും ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തത്. അഗ്‌നിശമന സേനയും പൊലീസും ആദ്യ ആംബുലൻസും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അഗ്‌നിരക്ഷാ സേനയുടെ രക്ഷാപ്രവർത്തനത്തിന് പുറമെ മണ്ണ് നീക്കിയുള്ള തിരച്ചിലിനായി ജെ.സി.ബിയും എത്തിച്ചു. സുശക്തമായ മെഡിക്കൽ സംഘവും സംഭവസ്ഥലത്ത് എത്തി. അടിയന്തര വൈദ്യസഹായം നൽകുന്നതുമായിരുന്നു മോക്ഡ്രിൽ.