ഇടുക്കി: ബഫർ സോണിൽ നിന്നും ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ദേശീയ പാത ഉപരോധിച്ചു.ഇടുക്കി നിർമ്മലാസിറ്റിയിലാണ് ബഫർ സോണിൽ ഉൾപ്പെട്ട കുടുംബങ്ങൾ നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
നിർമ്മലാസിറ്റിയിൽ ബ്ലോക്ക് 62 ൽ ഉൾപ്പെട്ട ഇരുന്നൂറ് ഏക്കറോളം ഭൂമിയാണ് വനം വകുപ്പ് പുറത്ത് വിട്ട മാപ്പിൽ ബഫർ സോണിനുള്ളിലായിരിക്കുന്നത്.ഇതേ തുടർന്നാണ് നാട്ടുകാർ ബഫർസോൺ വിരുദ്ധ സമിതി രൂപീകരിച്ച് സമര രംഗത്തേയ്ക്ക് ഇറങ്ങിയിരിക്കുന്നത്,തുടക്കമെന്നോണമാണ് സമിതി ഇന്ന് നിർമ്മലാസിറ്റിയിൽ ദേശീയ പാത 185 ഉപരോധിച്ചത്.വൈകിട്ട് അഞ്ച് മണി മുതൽ അരമണിക്കൂർ ദേശിയ പാതയിലെ ഗതാഗതം സ്തംഭിച്ചു. വീട്ടമ്മമാർ കുട്ടികളെയുമായെത്തി നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
മാറി മാറി ഭരണത്തിലെത്തുന്ന രാഷ്ട്രീയ പാർട്ടികൾക്ക് വോട്ട് ചെയ്യാൻ മനുഷ്യർക്ക് പകരം ഇനി മുതൽ വന്യജീവികളെ കൊണ്ടുപോകുന്നതാണ് ഉചിതമെന്ന് ബഫർ സോൺ വിരുദ്ധ സമിതി രക്ഷാധികാരി ഫാ. ബിബിൻ ഇരട്ടചിറയിൽ ധർണ്ണയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.ബഫർ സോൺ പരിധിയിൽ നിന്നും നിർമ്മലാസിറ്റിയിലെ ജനവാസ മേഖലയെ ഒഴിവാക്കുന്നത് വരെ സമരം തുടരുമെന്നും സമിതി ഭാരവാഹികൾ പറഞ്ഞു.രണ്ടാം ഘട്ടമായി ജനുവരി 10 ന് കട്ടപ്പന ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിക്കാണ് ബഫർ സോൺ വിരുദ്ധ സമിതിയുടെ തീരുമാനം.
ക്യാപ്ഷൻ:ഇടുക്കി നിർമ്മലാസിറ്റിയിൽ ബഫർ സോണിൽ ഉൾപ്പെട്ട കുടുംബങ്ങൾ നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു