പരിഹാരമാകാത്ത ഭൂപ്രശ്നം നേട്ടങ്ങളുടെ മാറ്റുകുറച്ചു
തൊടുപുഴ: പ്രളയവും കൊവിഡും തകർത്ത ഇടുക്കിയുടെ ഉയിർപ്പിന്റെ വർഷമായിരുന്നു 2022. തുടക്കത്തിൽ ഒമിക്രോൺ പത്തി വിടർത്തിയെങ്കിലും കൊവിഡ് ഭീതി പൂർണമായുമകന്ന് മുഖാവരണം മെല്ലെ മാറ്റി തുടങ്ങിയ വർഷമായിരുന്നു ഇത്. പടുകുഴിയിലായ ടൂറിസം മേഖലയും വിപണിയുമെല്ലാം പതിയെ പിടിച്ചുകയറാൻ ഊർജ്ജമേകിയ വർഷം. പ്രതിസന്ധികൾക്കിടയിലും സുവർണ ജൂബിലി ആഘോഷമാക്കിയ ആണ്ട് കൂടിയാണ് കടന്നുപോകുന്നത്.
ആരോഗ്യരംഗത്ത് കുതിപ്പ്
മുമ്പെങ്ങുമില്ലാത്ത വിധം 2022ൽ ആരോഗ്യരംഗത്ത് വലിയ കുതിച്ചു ചാട്ടത്തിലാണ് ഇടുക്കി. അംഗീകാരം തിരികെ ലഭിച്ച ഇടുക്കി ഗവ. മെഡിക്കൽ കോളേജിൽ പുതിയ ബാച്ചെത്തി, സംസ്ഥാനത്ത നാലാമത്തെ ആയുർവേദ മെഡിക്കൽ കോളേജിന്റെ നിർമ്മാണം ആരംഭിക്കുന്നു, ഒപ്പം ജില്ലയിൽ 100 കിടക്കകളുള്ള ആശുപത്രിക്ക് ഇ.എസ്.ഐ കോർപറേഷന്റെ അനുമതി ലഭിച്ചു. വലിയ പ്രതീക്ഷയോടെ 2014ൽ ആരംഭിച്ച ഇടുക്കി മെഡിക്കൽ കോളേജിന് രണ്ട് വർഷത്തിന് ശേഷം മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നഷ്ടമായത് വലിയ തിരിച്ചടിയായിരുന്നു. നിരവധി പരിശ്രമങ്ങൾക്ക് ശേഷം ഈ വർഷം മെഡിക്കൽ കമ്മിഷന്റെ അംഗീകാരം ഇപ്പോൾ തിരികെ കിട്ടി. അന്ന് 50 സീറ്റുകളാണെങ്കിൽ ഇപ്പോൾ 100 സീറ്റിൽ പുതിയ ബാച്ചിന്റെ പ്രവേശനം കഴിഞ്ഞു. സംസ്ഥാനത്തെ നാലാമത്തെ ആയുർവേദ മെഡിക്കൽ കോളജ് ഉടുമ്പൻചോലയിലെ മാട്ടുത്താവളത്ത് നിർമ്മിക്കാനൊരുങ്ങുകയാണ്. കോളേജ് കെട്ടിടം നിർമാണം പൂർത്തികരിക്കുന്നതിന് മുമ്പ് തന്നെ വാടക കെട്ടിടത്തിൽ ആശുപത്രി പ്രവർത്തനം തുടങ്ങാനും ആരോഗ്യ വകുപ്പ് നടപടി തുടങ്ങി. അടുത്ത വർഷം 100 സീറ്റുകൾ കൂടി അനുവദിക്കാനും നടപടിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇ.എസ്.ഐ.സി) ബോർഡ് അനുമതി നൽകിയ 100 കിടക്കകളുള്ള ആശുപത്രിയ്ക്ക് ജില്ലയിൽ യാഥാർത്ഥ്യമായാൽ ജില്ലയിലെ തോട്ടംതൊഴിലാളികൾക്കടക്കം വലിയ പ്രയോജനം ചെയ്യും. കട്ടപ്പന നഗരസഭയിൽ ആശുപത്രി തുടങ്ങുന്നതിനായി നാല് ഏക്കർ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. ഈ സ്ഥലം ഇ.എസ്.ഐ കോർപ്പറേഷന് കൈമാറ്റം ചെയ്തതിനു ശേഷം 2023ൽ തന്നെ പദ്ധതിയുടെ തറക്കല്ലിടും. രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കും.
അപ്രതീക്ഷിത നീല വസന്തം
പശ്ചിമഘട്ടമലനിരകളെ നീലപ്പട്ടണിയിച്ച് ഒക്ടോബറിൽ ശാന്തമ്പാറ കള്ളിപ്പാറ മലനിരകളിൽ ഒരു വ്യാഴവട്ടത്തിന് ശേഷം നീലക്കുറിഞ്ഞി പൂവിട്ടത് അപ്രതീക്ഷിതമായിരുന്നു. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന മലനിരകളിലാണ് കുറിഞ്ഞി പൂത്തത്. ഒരു മാസത്തിനിടെ 15 ലക്ഷത്തിലേറെ പേരാണ് സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി കുറിഞ്ഞി കാണാൻ കള്ളിപ്പാറയിലെത്തിയത്.
ഒടുവിൽ വിമാനമിറങ്ങി
പല തവണ പരീക്ഷിച്ച് പരാജയപ്പെട്ടെങ്കിലും ഒടുവിൽ സത്രം എയർസ്ട്രിപ്പിൽ വിമാനമിറങ്ങി. ഡിസംബർ ഒന്നിനാണ് എൻ.സി.സിയുടെ രണ്ട് സീറ്റുള്ള വൈറസ് എസ്. ഡബ്ല്യു 80 വിമാനം പരീക്ഷണാർത്ഥം റൺവേയിലിറക്കിയത്.
റവന്യൂ വകുപ്പ് അനുവദിച്ച 12 ഏക്കർ സ്ഥലത്ത് 2017 മേയ് 21നാണ് എയർസ്ട്രിപ്പ് നിർമ്മാണം തുടങ്ങിയത്. പ്രതിവർഷം ആയിരം എൻ.സി.സി കേഡറ്റുകൾക്ക് സൗജന്യമായി ഫ്‌ളൈയിംഗ് പരിശീലനം നൽകുന്ന ദേശീയ നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ പരീശീലനകേന്ദ്രമാണിത്.
ഒഴിയാതെ ഭൂപ്രശ്നങ്ങൾ
ഒരിക്കലും അവസാനിക്കാത്ത ഭൂപ്രശ്നങ്ങൾ ഈ വർഷവും മലയോരജനതയെ വേട്ടയാടി. പരിസ്ഥിതി ദുർബല മേഖലാ പ്രഖ്യാപനം, നിർമ്മാണ നിരോധന നിയമം, രൂക്ഷമായ വന്യമൃഗ ശല്യം, ബഫർസോൺ തുടങ്ങി ഭൂവിഷയങ്ങളിൽ അനവധി സമരങ്ങളും ഹർത്താലുകളും ഇക്കൊല്ലവും അരങ്ങേറി. ഇതിൽ എടുത്ത് പറയേണ്ടത് ഡിസംബർ 24ന് എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടത്തിയ പതിനായിരങ്ങൾ പങ്കെടുത്ത മഹാറാലിയും സമരപ്രഖ്യാനവുമായിരുന്നു. സംരക്ഷിത വനേമേഖലകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ കരുതൽ മേഖലയിൽ ഉൾപ്പെടുത്താനുള്ള തീരുമാനമാണ് ഈ വർഷം ഏറെ ആശങ്കയോടെ ജില്ല കേട്ട വാർത്ത. എട്ട് സംരക്ഷണ വനമേഖലകളാണ് ഇടുക്കിയിലുള്ളത്. ഇതിനു ചുറ്റും ജനവാസ മേഖലകളും ഏറെ. കരുതൽ മേഖലയിൽ നിന്ന് ജനവാസ മേഖലകലെ ഒഴിവാക്കുന്നതിനുള്ള അതിജീവന പോരാട്ടത്തിലാണ് മലയോര ജനത. ജനവാസ മേഖലകളെ ഒഴിവാക്കുമെന്നാണ് സർക്കാർ ജനങ്ങളോട് പറഞ്ഞിരിക്കുന്നത്. ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് ഇനിയും പാലിക്കാത്തതിന്റെ ആശങ്കയും ജനങ്ങൾക്കുണ്ട്.
കേട്ടറിവനേക്കാൾ വലുതാണ് 'പുലി' ഗോപാലനെന്ന സത്യം
കാടിറങ്ങി വരുന്ന കടുവ, പുലി, കാട്ടുപന്നി, കാട്ടുപോത്ത്, ആന എന്നിവ മൂലം പൊറുതിമുട്ടുന്ന ജനതയാണ് ഇടുക്കിയിലേത്. ഇങ്ങനെ നിരവധി മനുഷ്യ ജീവനുകളാണ് നഷ്ടമായിട്ടുള്ളത്. എന്നാൽ കൃഷിപ്പണിക്കായി പോകുന്നതിനിടെ ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച, നാട്ടിലെ പേടിസ്വപ്നമായ പുലിയെ മൽപ്പിടിത്തത്തിനൊടുവിൽ പ്രാണരക്ഷാർത്ഥം ആദിവാസി യുവാവ് തലയ്ക്ക് വെട്ടിക്കൊന്നത് സെപ്തംബറിൽ വലിയ വാർത്തിയായി. മാങ്കുളം ചിക്കണംകുടി ആദിവാസി കോളനിയിലെ ഗോപാലനാണ് (45) താരമായത്. പുലർച്ചെ ബന്ധുവിന്റെ കൃഷിയിടത്തിൽ പണിക്കായി ഗോപാലൻ വാക്കത്തിയുമായി പോകുമ്പോഴാണ് സ്‌കൂളിന് സമീപത്ത് കെക്കോയുടെ ചുവട്ടിൽ വിശ്രമിക്കുകയായിരുന്ന പുലി ചാടി വീണത്. കൈയിൽ കടിയേറ്റതോടെ വാക്കത്തിയുടെ മൂർച്ചയില്ലാത്ത ഭാഗം കൊണ്ട് തലയ്ക്കടിച്ചു. എന്നിട്ടും പുലി വിടാത്തതോടെ മൽപ്പിടിത്തമായി. ഒടുവിൽ സ്വയരക്ഷയ്ക്ക് പുലിയുടെ തലയിൽ വെട്ടുകയായിരുന്നു. ഗോപാലന്റെ അലറിവിളി കേട്ട് നാട്ടുകാരെത്തിയപ്പേഴേക്കും പുലി ചത്തു. കുറേ നാളായി മാങ്കുളത്തും പരിസരത്തും വിലസുന്ന ഈ പുലി അമ്പതോളം വളർത്തു മൃഗങ്ങളെയാണ് കൊന്നത്.
അരുമയെ കൈവിടാത്ത ആര്യ
യുദ്ധം കൊടുമ്പിരികൊണ്ട യുക്രെയിനിൽ നിന്ന് അരുമയായ സൈറയെയും കൂട്ടി വീട്ടിലെത്തിയ ആര്യ ഇടുക്കിയുടെ നന്മയുടെ പ്രതീകമായി. മാർച്ചിലാണ് നായയുമായി ആര്യ നാട്ടിലെത്തിയത്. മൂന്നാറിലെ വീട്ടിൽ ഓടിച്ചാടി നടക്കുകയാണ് ഹസ്‌കി ഇനത്തിൽപ്പെട്ട സൈറ. യുക്രെയിനിലെ തണുപ്പിൽ നിന്ന് വന്നതാണെങ്കിലും ഇവിടത്തെ കാലാവസ്ഥയുമായി ഇണങ്ങിവരികയാണ്. കീവിൽ രണ്ടാംവർഷ മെഡിക്കൽ വിദ്യാർത്ഥിനിയായ ആര്യയ്ക്ക് സീനിയർ വിദ്യാർത്ഥികളിലൊരാളാണ് സൈറയെ നൽകിയത്.
നോവായി ധീരജ്
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ ഇടുക്കി എൻജിനിയറിംഗ് കോളേജ് ഗേറ്റിനു സമീപം കുത്തേറ്റു മരിച്ച എസ്.എഫ്.ഐ നേതാവ് ധീരജ് രാജേന്ദ്രൻ 2022ന്റെ തീർത്താൽ തീരാത്ത നോവാണ്. മറ്റ് രണ്ട് വിദ്യാർത്ഥികൾക്ക് കൂടി കുത്തേറ്റിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി ഉൾപ്പടയുള്ളവരെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഏറെ നാളിന് ശേഷം ഇവർ ജാമ്യത്തിൽ ഇറങ്ങി.
കുടുംബാംഗങ്ങളെ ചുട്ടുകൊന്ന് പിതാവ്
ചീനിക്കുഴിയിൽ അർദ്ധരാത്രിയിൽ മകനെയും മകന്റെ ഭാര്യയെയും അവരുടെ രണ്ടു പെൺമക്കളെയും ഉറങ്ങിക്കിടക്കവേ ചുട്ടുകൊന്ന വാർത്ത കേട്ട് കേരളമാകെ ഞെട്ടി. മാർച്ച് 20നാണ് ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ (ഷിബു45), ഭാര്യ ഷീബ (40), മക്കളായ മെഹ്‌റിൻ (16), അസ്‌ന (13) എന്നിവരാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് ഫൈസലിന്റെ അച്ഛന്റെ ഹമീദിനെ(79) പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്‌നത്തിന്റെ പേരിലാണ് ആസൂത്രിതമായി കൊലപാതകം നടത്തിയത്. മുഹമ്മദ് ഫൈസലും കുടുംബവും കിടന്ന മുറി പുറത്ത് നിന്ന് കുറ്റിയിട്ടതിന് ശേഷം ജനലിലൂടെ പെട്രോൾ കുപ്പി എറിഞ്ഞ് തീയിടുകയായിരുന്നു.
കണ്ണീർതുള്ളിയായി കുടയത്തൂർ
അഞ്ചുവയസുള്ള കുട്ടിയടക്കം ഒരു കുടുംബത്തിലെ അഞ്ചു പേരുടെ ജീവനെടുത്ത തൊടുപുഴ കുടയത്തൂരിലെ ഉരുൾപൊട്ടലിൽ നാട് വിറങ്ങലിച്ചു. രാത്രി പെയ്ത തീവ്ര മഴയ്ക്കുശേഷം കുടയത്തൂരിൽ പുലർച്ചെ മൂന്നോടെ ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിലാണ് കുടുംബത്തിലെ അഞ്ചുപേരും ദാരുണമായി മരിച്ചത്. സംഗമംകവലയ്ക്ക് സമീപം പന്തപ്ലാവ് ചിറ്റടിച്ചാലിൽ തങ്കമ്മ (70), മകൻ സോമൻ (53), സോമന്റെ ഭാര്യ ഷിജി (50), മകൾ ഷിമ (25), ഷിമയുടെ മകൻ ദേവാക്ഷിദ് (അഞ്ച്) എന്നിവരാണ് ദുരന്തത്തിനിരയായത്. ഏഴ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സംഗമംകവലയിൽ നിന്ന് രണ്ടുകിലോമീറ്റർ മുകളിലായി മോർക്കാട് പന്തപ്ലാവ് റോഡിന് താഴ്ഭാഗത്താണ് സംഭവം.
ഭക്ഷണതർക്കം വെടിവെപ്പിലെത്തി
ഹോട്ടലിലെ ഭക്ഷണത്തിനെച്ചൊല്ലിയുള്ള തർക്കം മൂലമറ്റത്ത് വെടിവെപ്പിലേക്കും ഒരു ജീവൻ നഷ്ടപ്പെടുന്നതിലേക്കും നയിച്ചു. എ.കെ.ജി. ജങ്ഷനിൽ മാർച്ച് 26ന് രാത്രി 10നായിരുന്നു സംഭവം. ഇടുക്കി കീരിത്തോട് സ്വദേശിയും സ്വകാര്യ ബസ് കണ്ടക്ടറുമായിരുന്ന പാട്ടത്തിൽ സനൽബാബുവാണ് കൊല്ലപ്പെട്ടത്(32). സുഹൃത്ത് കണ്ണിക്കൽ മാളിയേക്കൽ പ്രദീപ് പുഷ്‌കര(32)ന് ഗുരുതരമായി പരിക്കേറ്റു. വെടിവെച്ച മൂലമറ്റം വാവേലി പുത്തൻപുരയിൽ ഫിലിപ്പ് മാർട്ടിനെ (28) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എട്ട് അയ്യപ്പന്മാരുടെ
ജീവനെടുത്ത അപകടം
കുമളിയിൽ ഡിസംബർ 23ന് രാത്രി പത്തോടെ ശബരിമല തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട് എട്ട് പേരാണ് മരിച്ചത്. വാഹനം അമിത വേഗതയിൽ നിയന്ത്രണംവിട്ട് റോഡിൽ നിന്നും പൊങ്ങി തെറിച്ച് സമീപമുള്ള മരത്തിൽ ഇടിച്ച് മുല്ലപ്പെരിയാറിൽ നിന്നും വെള്ളം കൊണ്ടുപോകുന്ന പെൻസ്റ്റോക്ക് പൈപ്പിൽ തലകീഴായി പതിക്കുകയായിരുന്നു. 20 മീറ്ററ്റോളം താഴേക്ക് നിരങ്ങിപോയ വാഹനം കോൺക്രീറ്റ് ഭിത്തിതയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ ആണ്ടിപ്പെട്ടി സ്വദേശികളായ മുനിയാണ്ടി (55), ദേവദാസ് (55), കന്നിസാമി (55), നാഗരാജ് (46), വിനോദ് (47), ശിവകുമാർ (45), കലൈസെൽവൻ (45) മരിച്ചു. ഡ്രൈവറായ ഗോപാലകൃഷ്ണൻ (42) ശനിയാഴ്ച പുലർച്ചെ തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രാജയും ഇയാളുടെ മകൻ ഏഴുവയസുകാരൻ ഹരിഹരനും മാത്രമാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
ഉരുളെടുത്ത് വിനോദസഞ്ചാരി
വട്ടവട പുതുക്കടിയിൽ നവംബർ 12നുണ്ടായ ഉരുൾപൊട്ടലിൽ വിനോദ സഞ്ചാരി മരിച്ചത് കണ്ണീർവാർത്തയായി. കോഴിക്കോട് മുത്തപ്പൻകാവ് കല്ലറവീട്ടിൽ രൂപേഷാണ് മരിച്ചത്. ചെളിയിൽ കുടുങ്ങിയ വാഹനത്തിൽ നിന്ന് ബന്ധുക്കളെ പുറത്തേത്തിച്ച ശേഷം ബസ് തള്ളി മാറ്റാൻ ശ്രമിക്കുമ്പോഴാണ് ഉരുളിൽപ്പെട്ടത്.
വിവാദ രവീന്ദ്രൻ പട്ടയം റദ്ദാക്കി
ഏറെ കോളിളക്കം സൃഷ്ടിച്ച രവീന്ദ്രൻ പട്ടയങ്ങൾ ജനുവരിയിൽ സർക്കാർ റദ്ദാക്കി. ദേവികുളം താലൂക്കിലെ അഡീ. തഹസിൽദാറായി ചുമതല വഹിച്ചിരുന്ന രവീന്ദ്രൻ നൽകിയ പട്ടയങ്ങളാണ്. ഇത് അദ്ദേഹം അധികാരം മറികടന്നാണ് നൽകിയതെന്നാണ് ആരോപണം. ഇതിൽ അർഹരായവർക്ക് പട്ടയം വീണ്ടും നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പടർന്ന് പിടിച്ച് പന്നിപ്പനി
നവംബർ ഒമ്പതിന് ജില്ലയിൽ ആദ്യമായി സ്ഥിരീകരിച്ച ആഫ്രിക്കൻ പന്നിപ്പനി പിന്നീട് ജില്ലയിലെമ്പാടും വ്യാപിച്ചു. നിരവധി പന്നി കർഷകരെയാണ് ഇത് ബാധിച്ചത്. 1147 പന്നികളെ ഇതുവരെ ദയാവധത്തിന് വിധേയമാക്കേണ്ടി വന്നു.
തുറന്ന് അണക്കെട്ടുകൾ
ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ ഇത്തവണയും തുറന്നു. ആഗസ്റ്റ് 10നാണ് ഇടുക്കി ആദ്യം തുറന്നത്. മുല്ലപ്പെരിയാറിൽ കുറച്ചു ദിവസങ്ങളായി 141ന് മുകളിലാണ് ജലനിരപ്പ്.