ജില്ലാതല ആലോചനായോഗം വ്യാഴാഴ്ച്ച

തൊടുപുഴ :പശ്ചിമഘട്ടത്തിലെ അരുവികളുടെയും നീർച്ചാലുകളുടെയുമെല്ലാം വീണ്ടെടുക്കലും ശാസ്ത്രീയമായ സംരക്ഷണവുമെല്ലാം ഉറപ്പാക്കുന്നതിനുള്ള മാപ്പത്തോൺ രണ്ടാംഘട്ട പ്രവർത്തനങ്ങൾ സർക്കാർ ജില്ലയിലാകെ വ്യാപിപ്പിക്കുന്നു.നവകേരളം പ്രവർത്തകർക്കൊപ്പം സ്‌കൂൾ,കോളജ് വിദ്യാർഥികളെക്കൂടി പങ്കെടുപ്പിച്ചു കാമ്പെയിൻ രീതിയിലായിരിക്കും മാപ്പത്തോൺ പദ്ധതി നടപ്പാക്കുക.

ഇതിന്റെ ഭാഗമായുള്ള മാപ്പത്തോൺ ശിൽപ്പശാല ജലവിഭവ മന്ത്രിറോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ വ്യാഴാഴ്ച്ച രാവിലെ 10.30ന് ജില്ലാ കളക്ടറേറ്റ്‌കോൺഫ്രറൻസ് ഹാളിൽ നടത്തും.ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരടക്കമുള്ളവർ സംബന്ധിക്കും.

ജില്ലയിൽ തൊടുപുഴ ബ്ലോക്കിലെ മണക്കാട്, പുറപ്പുഴ,കുമാരമംഗലം,കരിങ്കുന്നം പഞ്ചായത്തുകളിലൊഴികെ ജില്ലയിലെ 48 പഞ്ചായത്തുകളിലും മാപ്പത്തോൺ പ്രവർത്തനം നടത്തും.കരിമണ്ണൂർ പഞ്ചായത്തിൽ പരീക്ഷണാർഥം നടത്തിയ പദ്ധതി വിജയകരമായി പൂർത്തിയാക്കിയിരുന്നു.നവകേരളം മിഷൻ ഐ.ടി. മിഷനുമായിചേർന്ന് നടത്തുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മാപ്പത്തോൺ ജില്ലയിലും നടത്തുന്നത്. മനുഷ്യരുടെ ആവാസവ്യവസ്ഥയ്ക്ക് തടസ്സമാകാതെ ദുരന്ത പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് മാപ്പത്തോൺ പദ്ധതിയുടെ ലക്ഷ്യം.മാപ്പത്തോൺ സമ്പൂർണ്ണമാക്കി അത് ഓരോ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും കൈമാറും.ഓരോ പ്രദേശത്തെയും വിവിധ നീർച്ചാലുകളിലുടെ സഞ്ചരിച്ച് ഓപ്പൺ സ്ട്രീം ട്രാക്കർ മാപ്പിംഗിലൂടെ അരുവികളെയുംതോടുകളേയും നീർച്ചാലുകളെയുമെല്ലാം ഡിജിറ്റലായി അടയാളപ്പെടുത്തുന്നതാണ് മാപ്പത്തോൺ പ്രവർത്തനമെന്ന് നവകേരളം ജില്ലാകോർഡിനേറ്റർഡോ. വി. ആർ. രാജേഷ് അറിയിച്ചു.