
പള്ളിവാസൽ :ഗ്രാമപഞ്ചായത്തിലെ പീച്ചാട്, പ്ലാമല, കുരിശുപാറ പാടശേഖരങ്ങളിലെ കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം അഡ്വ.എ.രാജ എം. എൽ.എ നിർവ്വഹിച്ചു. പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി.പ്രതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഏറെ നാളുകളായി തരിശു കിടന്നിരുന്ന പാടശേഖരമായിരുന്നു പീച്ചാട്, പ്ലാമല, കുരിശുപാറ പാടശേഖരം.
പള്ളിവാസൽ പഞ്ചായത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും കൃഷിഭവന്റെയും സഹായത്തോടെയാണ് കർഷകർ പ്രദേശത്ത് വീണ്ടും നെൽകൃഷിക്ക് തുടക്കം കുറിച്ചത്. മാസങ്ങൾക്ക് മുമ്പിറക്കിയ നെൽകൃഷി വിളവെടുപ്പിന് പാകമായതോടെ പാടത്ത് കൊയ്ത്തുത്സവം നടന്നു. 100 ഏക്കറിനടുത്ത് പാടമാണ് പീച്ചാട്, പ്ലാമല, കുരിശുപാറ പാടശേഖരത്തിന്റെ ഭാഗമായുള്ളത്. ഇതിൽ ആദ്യഘട്ടമായി 20ഏക്കറോളം വരുന്ന പാടത്താണ് നെൽകൃഷിയിറക്കിയത്. തരിശായി കിടക്കുന്ന ശേഷിക്കുന്ന പാട ശേഖരത്തേക്കു കൂടി കൃഷി വ്യാപിപ്പിക്കാൻ പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്. പ്ലാമലയിൽ നടന്ന കൊയ്ത്തുത്സവത്തിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ.ഭവ്യകണ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സി.എസ്.അഭിലാഷ്, പുഷ്പ സജി, ആർ.സി ഷാജൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ.പി.സലിനമ്മ, സി.ഡിഎസ് ചെയർപേഴ്‌സൺ രജിത റോയി, പാടശേഖര സമിതി പ്രസിഡന്റ് പ്രേമ ജയൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ ഉദ്യോഗസ്ഥ പ്രതിനിധികൾ, പൊതുപ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.