തൊടുപുഴ: കോലാനി പാറക്കടവിൽ പ്രവർത്തിക്കുന്ന പകൽവീടിന്റെ ഒന്നാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ പുതുവത്സര ദിനമായ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ജനുവരി ഒന്നിനാണ് പാറക്കടവ് കമ്മ്യൂണിറ്റി ഹാളിൽ പകൽ വീട് പ്രവർത്തനം ആരംഭിച്ചത്. 75 ഓളം മുതിർന്ന പൗരന്മാരാണ് നിത്യേന പകൽവീട്ടിൽ വന്നു പോകുന്നത്. വയോമിത്രം ക്ലിനിക്കും ആരോഗ്യ ക്ലാസുകളും യോഗയുമെല്ലാം പകൽവീടിന്റെ ഭാഗമായുണ്ട്. വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന വർഷികാഘോഷ പരിപാടിയിൽ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാർ, കൗൺസിലർ, സാമൂഹിക നീതി ജില്ലാ ഓഫീസർ ബിനോയ് വി. ജെ,​ തൊടുപുഴ എസ്.സി.ബി പ്രസിഡന്റ് ആർ. പ്രശോഭ് എന്നിവർ സംസാരിക്കും. ഇതോടൊപ്പം കലോത്സവ ജേതാക്കളായ അനന്ദു മോഹൻദാസ്,​ എം.എസ്. വിനായക് എന്നിവരുടെ നാദസ്വര കച്ചേരിയും ബെന്നിക്കുട്ടി ഈപ്പനും ലതാ അശോകും അവതരിപ്പിക്കുന്ന രാഗലയം സംഗീത പരിപാടിയും ഉണ്ടാകും. വാർഡ് കൗൺസിലർ ആർ. ഹരിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി നടന്ന മികവാർന്ന പ്രവർത്തനത്തിന്റെ ഫലമായി സാമൂഹിക നീതി വകുപ്പ് പകൽവീടിനെ സായംപ്രഭാ ഹോം ആക്കി ഉയർത്തിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ കൗൺസിലർ ആർ. ഹരി, വാർഡ് വികസന സമിതി കൺവീനർ വി.വി. ഷാജി, കെ.എൻ. ഗോപിനാഥൻ എന്നിവർ പങ്കെടുത്തു.