നെടുങ്കണ്ടം: ഏലം മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ പുറ്റടി സ്‌പൈസസ് പാർക്കിന് മുമ്പിൽ ശയന സത്യാഗ്രഹം നടത്തും. ജനുവരി നാലിന് രാവിലെ 11 ന് നടക്കുന്ന ശയന സത്യാഗ്രഹം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ ഉദ്ഘാടനം ചെയ്യും. കർഷകരിൽ നിന്നും 1500 രൂപ കിലോയ്ക്ക് താങ്ങുവില നിശ്ചയിച്ച് സ്‌പൈസസ് ബോർഡ് വാങ്ങുക, വളം, കീടനാശിനി എന്നിവയ്ക്ക് 50 ശതമാനം സബ്‌സിഡി നിരക്കിൽ വില കുറച്ച് കർഷകർക്ക് നൽകുക. ഏലക്കായുടെ റീ പൂളിംഗ് സമ്പ്രദായം അവസാനിപ്പിക്കുക, ഏലകൃഷിയ്ക്ക് ജലസേചനം എത്തിക്കുന്നതിന് ആവശ്യമായ വൈദ്യുതി സൗജന്യമായി നൽകുക, ഗണ്യമായ വില തകർച്ചയിൽ ദുരിതത്തിലായ ഏലം കർഷകരെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ വേണ്ട നടപടികൾ കേന്ദ്ര സർക്കാർ ഉടനടി സ്വീകരിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യാഗ്രഹം നടത്തുന്നത്.
കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ്, സംസ്ഥാന കൗൺസിൽ അംഗം ജോയി വടക്കേടം,സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.കെ.ധനപാൽ, കിസാൻസഭ ജില്ലാ പ്രസിഡന്റ് പി.കെ.സദാശിവൻ, ജില്ലാ സെക്രട്ടറി ടി.സി കുര്യൻ, ബി.കെ.എം.യു ജില്ലാ സെക്രട്ടറി സി.യു.ജോയി, കിസാൻ സഭ ജില്ലാ ട്രഷറർ എം.ആർ. രാഘവൻ, മണ്ഡലം പ്രസിഡന്റ് എസ്. മനോജ്, സി.പി.ഐ മണ്ഡലം സെക്രട്ടറിമാരായ കെ.ജി. ഓമനകുട്ടൻ, വി.ആർ ശശി, കെ .സി. ആലീസ് എന്നിവർ പ്രസംഗിക്കും.