തൊടുപുഴ: ബഫർ സോൺ വിഷയത്തിൽ സമരം ചെയ്യുന്നവർക്കെതിരെ കേസെടുത്ത് ജനങ്ങളെ പീഡിപ്പിച്ച് സമര രംഗത്ത് നിന്ന് പിന്മാറ്റുന്നതിന് സർക്കാർ നടത്തുന്ന നീക്കങ്ങളിൽ യു.ഡി.എഫ് ചെയർമാൻ ജോയി വെട്ടിക്കുഴി പ്രതിഷേധിച്ചു. സർക്കാരിന്റെ പിടിപ്പുകേടുകളും അശ്രദ്ധയും മുഖ്യമന്ത്രിയുടെ ധാർഷ്ട്യവുമാണ് ബഫർസോൺ വിഷയങ്ങൾ വഷളാക്കിയത്. 2013ൽ മനുഷ്യവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് യു.ഡി.എഫ് സർക്കാർ സമർപ്പിച്ച റിപ്പോർട്ടിന്മേൽ 2015ൽ കേന്ദ്രസർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് അന്തിമ വിജ്ഞാപനമാക്കുന്നതിന് കേന്ദ്ര വിദഗ്ദ്ധ സമിതി ആവശ്യപ്പെട്ട വിവരങ്ങൾ 2018 വരെ നൽകാതിരുന്നത് എൽ.ഡി.എഫ് സർക്കാരിന്റെ വീഴ്ചയാണ്. അന്ന് കൃത്യമായി റിപ്പോർട്ട് നൽകിയിരുന്നെങ്കിൽ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിക്കൊണ്ട് കേന്ദ്രസർക്കാർ അന്തിമ വിജ്ഞാപനം ഇറക്കുമായിരുന്നു. സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകാതിരുന്നതിനാൽ കരടുവിജ്ഞാപനം കാലഹരണപ്പെട്ടുപോകുകയും ബഫർ സോൺ പ്രാബല്യത്തിൽ വരികയും ചെയ്തു. കൂടാതെ 2019 ഒക്ടോബർ 23ന് ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടെ പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ ബഫർസോൺ ആകാമെന്ന മന്ത്രിസഭാ തീരുമാനത്തിനാണ് ഇപ്പോൾ കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടാണ് നിർണായകം. മന്ത്രിസഭ എടുത്ത തീരുമാനം ജനദ്രോഹപരമാണെങ്കിൽ തീരുമാനം റദ്ദാക്കാൻ സർക്കാർ തയ്യാറാകണം. സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദിത്തം മൂലം ജനങ്ങൾക്കുണ്ടായ ദുരിതങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സാമുദായിക, രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചാൽ ഇരട്ടി ശക്തിയോടെ ജനവികാരം സർക്കാരിനെതിരെ തിരിച്ചടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വൈദികരെയും സാമുദായിക, സാമൂഹിക, സംഘടന നേതാക്കളെയും കേസിൽ കുടുക്കി നിശബ്ദരാക്കാൻ ശ്രമിച്ചാൽ വിഴിഞ്ഞത്തേക്കാൾ വലിയ പ്രത്യാഘാതം മലയോരങ്ങളിൽ നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.