വഴിത്തല: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഇനി ഉണ്ടാകില്ലെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ, വില നാലിരട്ടി വർദ്ധിപ്പിച്ചിട്ടും മൗനം പാലിക്കുകയാണെന്ന് കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ മുൻ എം.പി കെ. ഫ്രാൻസിസ് ജോർജ് പറഞ്ഞു. റബ്ബറിന് 250 രൂപ വിലസ്ഥിരതാ ഫണ്ട് ഉറപ്പാക്കുമെന്ന് ഇലക്ഷൻ വേളയിൽ പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 130 രൂപയായി താഴ്ന്നിട്ടും അതിനെതിരെ നടപടി സ്വീകരിക്കാതെ മാറി നിൽക്കുന്നതിൽ ദുരൂഹതയുണ്ട്. കേരള കോൺഗ്രസ് പുറപ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ ഭരണത്തിനെതിരെയും നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിനെതിരെയും സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അഡ്വ. റെനീഷ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ്, ജില്ലാ സെക്രട്ടറി ടോമിച്ചൻ പി. മുണ്ടുപാലം, മാത്യു ആന്റണി, അഡ്വ. ജോൺസൺ ചിറയ്ക്കൽ, ജോർജ് മുല്ലക്കരി, ജോബി മാത്യു, ഹരിശങ്കർ നടുപ്പറമ്പിൽ, സേതുരാജ്, അച്ചാമ ജോയ് എന്നിവർ സംസാരിച്ചു.