മുട്ടം: അറക്കുളം,​ മുട്ടം, കുടയത്തൂർ പഞ്ചായത്തുകളിലെ എം.വി.ഐ.പി ഭൂമി വനം വകുപ്പിന് കൈമാറുന്നതായി വിജ്ഞാപനം ഇറങ്ങിയതോടെ പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്. ഇടമലയാർ ജലസേചന പദ്ധതിക്ക് വേണ്ടി വനം വകുപ്പിന്റെ 130 ഏക്കർ ഭൂമിയാണ് ജലസേചന വകുപ്പിന് കൈമാറിയത്. പകരം ഭൂമി കൈമാറണമെന്ന വ്യവസ്ഥയിലാണ് പദ്ധതി ആവിഷ്കരിച്ചത്. 1993 മുതലുള്ള സർക്കാർ നടപടികളുടെ ഭാഗമായിട്ടാണ് ഭൂമി കൈമാറ്റവും വിജ്ഞാപനവും. വനംവകുപ്പ് എം.വി.ഐ.പിയുടെ ഭൂമി ഏറ്റെടുത്താൽ കേന്ദ്ര സർക്കാരിന്റെ വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ കടുത്ത നിയന്ത്രണത്തിലാകും പ്രദേശം. ഭാവിയിൽ സമീപ പ്രദേശങ്ങളിൽ വീട് വയ്ക്കുന്നതിനോ, കൃഷി ചെയ്യുന്നതിനോ, കച്ചവട സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനോ കഴിയാതെ ജനങ്ങൾ ദുരിതത്തിലാകുന്ന അവസ്ഥയാകും. വനം വകുപ്പ് ഏറ്റെടുക്കുന്നതോടെ മലങ്കര ജലസംഭരണിയോട് ചേർന്നുള്ള നൂറിൽപരം കുടിവെള്ള പദ്ധതികൾ പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയുമാകും. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് കുടയത്തൂർ, അറക്കുളം പഞ്ചായത്ത്‌ പ്രദേശങ്ങളിലെ ജനങ്ങൾ സംഘടിച്ച് പ്രക്ഷോഭങ്ങൾ ആരംഭിക്കാനുള്ള ഒരുക്കത്തിലുമാണ്.

സർവ്വ കക്ഷി യോഗം ചേർന്നു

മുട്ടം, കുടയത്തൂർ, അറക്കുളം പഞ്ചായത്തുകളിലെ എം.വി.ഐ.പി ഭൂമി വനം വകുപ്പിന് കൈമാറിയ സർക്കാർ നടപടികൾ റദ്ദ് ചെയ്യുക, അന്തിമ വിജ്ഞാപനവും കൂടുതൽ ഭൂമി കൈമാറാനുള്ള സർക്കാർ തീരുമാനം മരവിപ്പിക്കുക എന്നീ ആവശ്യങ്ങളോടെ മുട്ടം പഞ്ചായത്ത്‌ പ്രസിഡന്റ് ഷൈജ ജോമോന്റെ അദ്ധ്യക്ഷതയിൽ സർവ്വ കക്ഷി യോഗം ചേർന്നു. തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൻ.കെ. ബിജു, പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ സാമൂഹ്യ, സാംസ്കാരിക സംഘടന നേതാക്കൾ എന്നിവർ യോഗത്തിൽ സംസാരിച്ചു. ഭൂമി കൈമാറ്റം നടപ്പിലാക്കുന്ന മൂന്ന് പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, വിവിധ സംഘടന നേതാക്കൾ എന്നിവരെ ഉൾപ്പെടുത്തി ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷം രണ്ടിന് വിപുലമായ യോഗം ചേരുന്നതിനും ഡീൻ കുര്യാക്കോസ് എം.പി, കളക്ടർ, ജലവിഭവം- വനം വകുപ്പ് ഉൾപ്പെടെയുള്ള അധികൃതർക്ക് നിവേദനം നൽകുന്നതിനും യോഗത്തിൽ തീരുമാനിച്ചു.