ഇടുക്കി: ജില്ലയിൽ വനിത കമ്മിഷന്റെ ജാഗ്രതാ സമിതികൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വനിതാ കമ്മിഷൻ. തദ്ദേശ ജാഗ്രത സമിതികളിലൂടെ പരാതിക്കാർക്ക് തങ്ങളുടെ സ്ഥലത്ത് നിന്ന് തന്നെ പരാതി പരിഹാരം ഉണ്ടാക്കാനാകുമെന്നും കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ പറഞ്ഞു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ 32 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. 12 എണ്ണത്തിന് പരിഹാരമായി. 17 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. മൂന്ന് പരാതികൾ ജാഗ്രതാ സമിതിക്ക് വിട്ടു. ദാമ്പത്യപ്രശ്‌നങ്ങൾ, അയൽക്കാർ തമ്മിലുള്ള അതിർത്തി തർക്കങ്ങൾ, സ്വത്തു ഭാഗം വയ്ക്കുന്നതുമായ പ്രശ്‌നങ്ങളിന്മേലുള്ള പരാതികളാണ് ഏറെ ലഭിച്ചത്. ജില്ലയിൽ ത്രിതല പഞ്ചായത്ത് തലത്തിലും നഗരസഭ കേന്ദ്രികരിച്ചും രഹസ്യസ്വഭാവത്തോടെ 13 അംഗ ജാഗ്രത സമിതികൾ പ്രവർത്തിക്കുന്നുണ്ട്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സമിതികൾക്ക് 25,​000 രൂപ വീതം അവാർഡ് ഈ വർഷം മുതൽ നൽകും. കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത് മാമൻ മത്തായി, വി.ആർ. മഹിളാമണി എന്നിവർ പങ്കെടുത്തു.