ഇടുക്കി: ജില്ലയുടെ സുവർണജൂബിലി സമാപനം 21 മുതൽ 30 വരെ ആഘോഷമാക്കി നടത്താൻ ജില്ലാ വികസന സമിതി യോഗം നിർദ്ദേശിച്ചു. ജില്ലാ കളക്ടർ ഷീബ ജോർജിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം. മതികെട്ടാൻ ചോല ദേശീയ ഉദ്യാനമായി അന്തിമ ഗസറ്റ് വിജ്ഞാപനം വന്നിട്ടില്ലെന്നും ഇത് പുനരാലോചിക്കണമെന്നും ഡീൻ കുര്യാക്കോസ് എം.പി അഭിപ്രായപ്പെട്ടു. ഇതിന്റെ അതിർത്തി പുനർനിർണ്ണയിച്ച ശേഷമേ ബഫർസോൺ അന്തിമ നോട്ടിഫിക്കേഷൻ നടത്താവൂ. പുതിയ ഫോറസ്റ്റ് നോട്ടിഫിക്കേഷൻ പ്രഖ്യാപിക്കുന്നതിന് മുമ്പ് ജനപ്രതിനിധികളെ അറിയിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. 1996ൽ വനംവകുപ്പ് വിട്ടു തന്ന ഭൂമിയ്ക്ക് പകരമായി അന്നു നൽകിയ ഭൂമിയുടെ വിജ്ഞാപനമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. മുട്ടം, അറക്കുളം, കുടയത്തൂർ മേഖലകളിൽ പുതിയ വനഭൂമി പ്രഖ്യാപിക്കുന്നതിനുള്ള യാതൊരു നടപടിയുമില്ലെന്നും കളക്ടർ എം.പിയ്ക്ക് മറുപടി നൽകി. വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ വനംവകുപ്പിനോട് എം.പി ആവശ്യപ്പെട്ടു. വന്യമൃഗ ആക്രമണം പ്രതിരോധിക്കുന്നതിനായി ശാന്തൻപാറ, ചിന്നക്കനാൽ, മറയൂർ, മാങ്കുളം, നെടുങ്കണ്ടം, കുമളി, വണ്ടിപ്പെരിയാർ, പെരുവന്താനം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് റാപിഡ് റെസ്‌പോൺസ് ടീമിന് രൂപം നൽകണമെന്ന് എം.പി ആവശ്യപ്പെട്ടു. ഇതിന് അധിക ജീവനക്കാരും വാഹന സൗകര്യവും ആവശ്യമാണെന്നും ഇത് സംബന്ധിച്ച് പ്രൊപ്പോസൽ സർക്കാരിലേയ്ക്ക് സമർപ്പിച്ചിട്ടുണ്ടെന്നും മറയൂർ ഡി.എഫ്.ഒ അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് വകയിരുത്തി വീടില്ലാത്ത 52 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകാൻ തീരുമാനമായിട്ടുണ്ട്. സുവർണ ഭവനം എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഓരോ പഞ്ചായത്തുകളിൽ നിന്നുമുള്ള വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നടപ്പിലാക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി. ഉഷാകുമാരി യോഗത്തിൽ അറിയിച്ചു. നീലക്കുറിഞ്ഞി പൂവിട്ട കള്ളിപ്പാറ മലനിരകൾ ദേശീയോദ്യാനമാക്കി മാറ്റാനുള്ള വനം വകുപ്പിന്റെ നടപടി പുനഃപരിശോധിക്കണം. എൽ.ആർ രജിസ്റ്റർ ലഭിക്കാത്തതിന്റെ പേരിൽ പട്ടയവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഭൂവുടമകൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾക്ക് ഉടനടി പരിഹാരം കാണണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഉഷാകുമാരി ആവശ്യപ്പെട്ടു.