തൊടുപുഴ: സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയ്ക്ക് കീഴിലെ കൂവപ്പള്ളി ഹോളി ഇമ്മാനുവൽ ചർച്ചിന്റെ ട്രിപ്പിൾ ഗോൾഡൻ ജൂബിലി സമാപനവും പള്ളി പ്രതിഷ്ഠാദിന പെരുന്നാളും ജനുവരി ഒന്ന് മുതൽ ആറ് വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരാഴ്ച നീണ്ട് നിൽക്കുന്ന ജൂബിലി ആഘോഷങ്ങളിൽ സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എം.പി, സി.എസ്.ഐ ഡെപ്യൂട്ടി മോഡറേറ്റർ റവ. ഡോ. രൂപൻ മാർക്ക്, ബിഷപ്പുമാരായ വി.എസ്. ഫ്രാൻസീസ്, ഡോ.ഉമ്മൻ ജോർജ്, ഡോ. കെ.ജെ. ശാമുവേൽ, ഡോ. കെ.ജി. ദാനിയേൽ, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, മഹായിടവക ഭാരവാഹികൾ, വൈദികർ എന്നിവരുൾപ്പെടെയുള്ളവർ പങ്കെടുക്കും. ആറിന് ഉച്ചക്ക് രണ്ടിന് ചേരുന്ന പൊതു സമ്മേളനം സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. ബിഷപ് വി.എസ്. ഫ്രാൻസീസ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ അനുഗ്രഹ പ്രഭാക്ഷണം നടത്തും. ദേവാലയത്തിന്റെ ചരിത്രപുസ്തക പ്രകാശനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. ഒരു വർഷമായി നടന്നു വന്ന ട്രിപ്പിൾ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുടുംബ സംഗമം, മുതിർന്നവരെ ആദരിക്കൽ, വൈദിക മന്ദിര നിർമാണം തുടങ്ങി വിവിധ പരിപാടികളാണ് നടന്നു വരുന്നത്. തൊടുപുഴയിൽ നടത്തിയ പത്രസമ്മേളനത്തിൽ ഭാരവാഹികളായ ഇടവക വികാരി റവ. കെ.ഡി. സാം, കൈക്കാരൻമാരായ എൻ.ജെ. ജോസഫ്, കെ.ജെ. ജോസ്, ജൂബിലി കമ്മിറ്റി കൺവീനർ വി.എം. ജെയിംസ്, ചർച്ച് കമ്മിറ്റി സെക്രട്ടറി അച്ചാമ്മ ജോസ് എന്നിവർ പങ്കെടുത്തു.