വണ്ടിപ്പെരിയാർ: കാലാവധി കഴിഞ്ഞിട്ടും പീരുമേട് തോട്ടം മേഖലയിലെ ഏറ്റവും വലിയ തേയില തോട്ടമായ പോബ്‌സ് എസ്റ്റേറ്റിൽ തൊഴിലാളികൾക്ക് ബോണസ് വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ മഞ്ജുമല എസ്റ്റേറ്റ് ഫാക്ടറിക്ക് മുമ്പിൽ തോട്ടം തൊഴിലാളികളുടെ നേതൃത്വത്തിൽ സമരം നടത്തി. എ.ഐ.ടി.യു.സി നേതാവ് വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻകാലങ്ങളിൽ പീരുമേട് മേഖലകളിലെ പോബ്‌സ് ഗ്രൂപ്പ് ആർ.ബി.ടി കമ്പനികളിൽ നിന്ന് ഏറ്റെടുത്ത എസ്റ്റേറ്റുകളിൽ തൊഴിലാളികൾക്ക് ഡിസംബർ 15നകം ബോണസ് വിതരണം ചെയ്തിരുന്നു. എന്നാൽ ഇത്തവണ ഇതുവരെയും ബോണസ് വിതരണം ചെയ്തിട്ടില്ല. ഭാരവാഹികളുടെ യോഗം ചേർന്ന് സംയുക്ത സമരസമിതിക്ക് രൂപം നൽകിയിരുന്നു. തുടർന്ന് ബോണസ് നൽകണമെന്ന് തോട്ടം മാനേജ്‌മെന്റിനോട് സംയുക്ത സമര സമിതി ആവശ്യപ്പെട്ടിരുന്നു. ഇത് വകവയ്ക്കാതെ മാനേജ്‌മെന്റ് അവഗണിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ സമരമുഖത്തേക്ക് ഇറങ്ങിയത്. പീരുമേട് തോട്ടം തൊഴിലാളി യൂണിയൻ പ്രസിഡന്റ് ആർ. തിലകൻ, സെകട്ടറി എം. തങ്കദുരൈ, കെ.എം. ഉഷ, എച്ച്.ആർ.പി.ഇ യൂണിയൻ വർക്കിംഗ് പ്രസിഡന്റ് പി.കെ. രാജൻ അദ്ധ്യക്ഷനായിരുന്നു. കേരള പ്ലാന്റേഷൻ വർക്കേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത്, എം. ആന്റണി, കെ.എ. സിദ്ദിഖ്, ആർ. വിനോദ്, കെ. ചന്ദ്രൻ, കെ. മുഹമ്മാലി, പി.ടി. വർഗീസ്, കെ.കെ. സുരേന്ദ്രൻ, കെ. ഗോപി, എസ്. ഗണേശൻ, വിജി ദിലീപ്, എം. ചന്ദ്രൻ എന്നിവർ സംസാരിച്ചു. പോബ്‌സ് ഗ്രൂപ്പിന്റെ പാമ്പനാർ, ഗ്രാമ്പി, മഞ്ചുമല, ഇഞ്ചിക്കാട്, നെല്ലിമല, പശുമല, തേങ്ങാക്കൽ എന്നീ എസ്റ്റേറ്റുകളിലാണ് തൊഴിലാളികൾ പണിമുടക്കി പ്രതിഷേധിച്ചത്.