ചെറുതോണി: വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ നിശ്ചയിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ മറികടക്കാൻ പരിധിയിലുള്ള വീടുകൾ, കൃഷിയിടങ്ങൾ എന്നിവ അപ്‌ലോഡ് ചെയ്യുന്നതിനായി മൊബൈൽ ആപ്പ് പരിചയപ്പെടുത്തുന്നത് കെ.എസ്.ആർ.ഇ.എസ്.സി പരിശീലനം നൽകി. സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുത്തവർക്കാണ് ഗൂഗിൾ മീറ്റ് വഴി പരിശീലനം നൽകുന്നത്. ജില്ലയിലെ എട്ട് വന്യജീവി സങ്കേതങ്ങളുമായി ബന്ധപ്പെട്ട പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട ആളുകളും ഗൂഗിൾ മീറ്റിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ ഇവർ ഓരോ ഗ്രൂപ്പുകളായി ഓരോ ഇടങ്ങളും സന്ദർശിച്ചു അപ്‌ഡേറ്റ് ചെയ്യുന്നതോടെ ജനവാസകേന്ദ്രങ്ങൾ നിർണയിക്കാൻ കഴിയും. ബഫർ സോൺ മേഖല നിർണ്ണയിക്കുന്നതിന് ഉപഗ്രഹ സർവ്വെ നടത്തി നിർണ്ണയിച്ചിട്ടുള്ള പ്രദേശങ്ങളെക്കുറിച്ചുള്ള അവ്യക്തതകൾ പരിഹരിക്കുന്നതിന് ഫീൽഡ് സർവേകൾ കൂടുതൽ പ്രാധാന്യത്തോടെ നടത്തുമെന്ന് കഴിഞ്ഞ ദിവസം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ കളക്ട്രേറ്റ് കോൺഫറൻസ് വിളിച്ചു ചേർത്ത രണ്ടാംഘട്ട സർവ്വകക്ഷി യോഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഫീൽഡ് സർവെ നടത്തി തയ്യാറാക്കുന്ന മാപ്പായിരിക്കും ബഫർ സോണിന് അടിസ്ഥാനമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം റവന്യൂ പഞ്ചായത്ത് വകുപ്പുകളും സംയുക്തമായി ഇതിനായി പ്രവർത്തിക്കും. റവന്യൂ വകുപ്പിന്റെ കൈയിലുള്ള സ്ഥലത്തിന്റെ രേഖകൾ സർവേയിൽ ഉപയോഗിക്കും. ബഫർസോൺ വിഷയത്തിൽ കക്ഷി രാഷ്ട്രീയമില്ലെന്നും ജില്ലയുടെ പൊതുപ്രശ്‌നമായാണ് സർവകക്ഷി യോഗം ഈ വിഷയത്തെ കാണുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.