തൊടുപുഴ: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം പുതുവർഷം ആഘോഷിക്കാനെത്തിയവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആഘോഷം പരിധികടന്ന് അക്രമത്തിലേക്കും വാഹനാപകടങ്ങളിലേക്കും വഴിമാറാതിരിക്കാൻ പൊലീസ് മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ട്. രാത്രികളിൽ പൊലീസ് നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. മദ്യം, മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കടത്തുന്നത് തടയാൻ ജില്ലാ അതിർത്തികൾ കേന്ദ്രീകരിച്ച് പ്രത്യേക പൊലീസ് സംഘം വാഹന പരിശോധന നടത്തുന്നുണ്ട്. മദ്യപിച്ച് വാഹനം ഓടിക്കുക, അപകടകരമായി വാഹനം ഡ്രൈവ് ചെയ്യുക, ഗതാഗത തടസമുണ്ടാക്കുന്ന തരത്തിൽ വാഹനം പാർക്ക് ചെയ്യുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നവരെ പിടികൂടുന്നുണ്ട്. മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട് ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നീക്കങ്ങളിലേക്ക് പൊലീസ് കടന്നേക്കും. പ്രധാന പാതകളിലെ പ്രത്യേക പട്രോളിംഗ് സംഘങ്ങൾ, പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള അധിക പട്രോളിംഗ് വാഹനങ്ങൾ, കൺട്രോൾ റൂം വാഹനങ്ങൾ എന്നിവ ഉപയോഗിച്ച് വാഹന പരിശോധന കർശനമാക്കും. അലക്ഷ്യമായി വേഗത്തിൽ ഓടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. സ്റ്റേഷൻ അതിർത്തിയിലെ എല്ലാ ആഘോഷങ്ങളിലും പൊലീസിന്റെ പ്രത്യേക ശ്രദ്ധയുണ്ടാകും. പ്രധാന റോഡുകൾ, ജംഗ്ഷനുകൾ,ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ പൊലീസ് യൂണിഫോമിലും മഫ്തിയിലും ഉണ്ടാകും. സ്ത്രീകൾക്ക് പ്രത്യേക സുരക്ഷയൊരുക്കാൻ വനിതാ പൊലീസ് മഫ്തിയിലും അല്ലാതെയും സജ്ജമാണ്. ആഘോഷം അതിര് വിടുമ്പോൾ നിരത്തിൽ വാഹനാപകടങ്ങൾക്ക് സാദ്ധ്യതയേറെയാണ്. മുമ്പ് പുതുവർഷ ദിനങ്ങളിൽ വാഹനാപകടങ്ങളും മരണങ്ങളും ഉണ്ടായിട്ടുണ്ട്. യുവാക്കളാണ് കൂടുതലും ഇരയാകുന്നത്. ഇത്തവണ കൊവിഡ് പൂർണമായി ഒഴിഞ്ഞതിനാൽ കൂടുതലായി ആഘോഷ സംഘങ്ങൾ പുറത്തിറങ്ങുമെന്ന് പൊലീസിന് ഉറപ്പുണ്ട്. അതിനാൽ ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാൻ പ്രധാന പാതകളിലെല്ലാം പൊലീസ് നിരീക്ഷണമുണ്ടാകും.