നെടുങ്കണ്ടം: മുത്തശി നൽകിയ 300 രൂപ പിതാവ് വായ്പ വാങ്ങിയിട്ട് മടക്കി നൽകിയില്ല, പരാതിയുമായി ഒമ്പതാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനിൽ. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് ഒമ്പതാം ക്ലാസുകാരന്റെ പരാതി എത്തിയത്. പൊലീസ് സ്റ്റേഷനിലെത്തി വാക്കാലുള്ള പരാതി ഫ്രണ്ട് ഓഫീസിൽ അറിയിച്ചു. ഫ്രണ്ട് ഓഫീസിൽ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ വിഷയം എസ്.എച്ച്.ഒ ബി.എസ്. ബിനുവിനെ അറിയിച്ചു. എസ്.എച്ച്.ഒ വിദ്യാർത്ഥിയുമായി സംസാരിച്ചപ്പോഴാണ് മുത്തശി 300 രൂപ കുറച്ച് കാലം മുമ്പ് പോക്കറ്റ് മണി നൽകിയ പണം പിതാവ് വായ്പ വാങ്ങിയെന്നും പുറകെ നടന്ന് ചോദിച്ചിട്ട് പണം നൽകിയില്ലെന്നുമറിഞ്ഞത്. മാത്രമല്ല അവധിക്കാലത്ത് തമിഴ് നടൻ വിജയിയുടെ സിനിമ റീലിസാകുമെന്നും അത് കാണാൻ പണമില്ലെന്നും പിതാവ് വാങ്ങിയ പണം തിരികെ പൊലീസ് ഇടപെട്ട് വാങ്ങി നൽകണമെന്നുമാണ് വിദ്യാർത്ഥി ആവശ്യപ്പെട്ടത്. പിതാവിനെ വിളിച്ച് വിഷയം ചോദിക്കട്ടെയെന്ന് വിദ്യാർത്ഥിയോട് പൊലീസ് ഉദ്യോഗസ്ഥർ ചോദിച്ചപ്പോഴുള്ള മറുപടി ഇങ്ങനെ: അപ്പൻ പാവമാണ്, 300 രൂപ എങ്ങനെയെങ്കിലും വാങ്ങിത്തന്നാ മാത്രം മതി. പിതാവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. ഇതോടെ വിദ്യാർത്ഥിയുടെ രക്ഷിതാവിനെ എങ്ങനെയും സ്റ്റേഷനിൽ വിളിച്ച് വരുത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്.