വ്യക്തിയുടെ കേവലം സാദൃശ്യമല്ല , അവരുടെ ദാർശനിക തലമാണ് മനോജിന്റെ ശിൽപ്പത്തിന് ജീവൻ പകരുന്നത്

ഇതു ഞാൻ തന്നെ . ഒരു സംശയവുമില്ല. ആ മുഖത്തെ ഒരു പോടാ പോ എന്ന ഭാവം എനിക്കിഷ്ടമായി. നിങ്ങളൊക്കെ പറയുന്ന എന്റെ ധിക്കാരം വളരെ മനോഹരമായി മനോജ് ആവിഷ്കരിച്ചിട്ടുണ്ട്."- ന്യൂ മാഹി മലയാള കലാഗ്രാമത്തിലെ തന്റെ പ്രതിമയെ നോക്കി കഥയുടെ കുലപതി ടി.പദ്മനാഭൻ ഇതു പറയുമ്പോൾ എൻ. മനോജ് കുമാറിന്റെ മുഖത്ത് സന്തോഷം നിറയുകയായിരുന്നു.
ആർക്കും പിടികൊടുക്കാത്ത പദ്മനാഭനു പിറകെ ശിൽപ്പി മനോജ് കുമാർ നടന്നത് കുറച്ചൊന്നുമല്ല. പദ്മനാഭന്റെ ഓരോ സ്വഭാവവും സസൂഷ്മം ഒപ്പിയെടുക്കുകയായിരുന്നു. കഥകൾ വായിച്ചും ടെലിവിഷൻ അഭിമുഖങ്ങൾ ശ്രദ്ധിച്ചുമാണ് പദ്മനാഭൻ എന്ന വ്യക്തിയെ അടുത്തറിയുന്നത്. കാൽനൂറ്റാണ്ടായി മനോജ് അറിയുന്ന പദ്മനാഭനെ വെങ്കലത്തിലേക്ക് പകർത്താൻ കേവലം രണ്ട് മാസങ്ങൾ മാത്രമെ വേണ്ടി വന്നുള്ളൂ. പദ്മനാഭന്റെ ചുളിവ് വീഴാത്ത ഖദർ ഷർട്ട് പോലും മനോജ് മനോഹരമായി പുനഃസൃഷ്ടിച്ചു. രണ്ട് പേന കീശയിലില്ലാതെ പദ്മനാഭനെ ഒരിക്കലും കണ്ടിട്ടില്ല. അതും മനോജ് മറന്നില്ല. അത്രയും പൂർണതയോടെയും കൈയടക്കത്തോടെയുമാണ് പദ്മനാഭന്റെ പ്രതിമ വാർന്നു വീണത്.
വ്യക്തിയുടെ കേവലം സാദൃശ്യമല്ല , അവരുടെ ദാർശനിക തലമാണ് മനോജിന്റെ ശിൽപ്പത്തിന് ജീവൻ പകരുന്നത്. ദാർശനിക തലം തേടിയുള്ള തീർത്ഥയാത്രയിലൂടെയാണ് കുമാരനാശാനും ചങ്ങമ്പുഴയും കെ.രാഘവൻ മാസ്റ്റരും ഷേക്സ് സ്പിയറും മറഡോണയും ശിൽപ്പങ്ങളായും പ്രതിമകളായും പിറന്നു വീഴുന്നത്.
പാട്ടും ചിരിയും ഈണമിട്ടു നിൽക്കുന്ന സംഗീത സംവിധായകൻ കെ. രാഘവൻ മാസ്റ്റരുടെ മനോജ് നിർമ്മിച്ച പ്രതിമ തലശേരി പാർക്കിൽ സ്ഥാപിച്ചിട്ടുണ്ട്. രാഘവൻ മാസ്റ്റരുടെ പ്രതിമ തയ്യാറാക്കുമ്പോൾ മനോജിന് മുന്നിൽ വെല്ലുവിളിയായതും ഈ സമ്മിശ്ര വികാരമായിരുന്നു. മാഷെ നേരിട്ടു കണ്ടവർക്കെല്ലാം ഈ ചിരി മറക്കാനാവില്ല. എന്നാൽ ആ ചിരിയായിരുന്നില്ല മനോജിനെ ആകർഷിച്ചത്. ആ ചിരി അതുപോലെ പകർത്തുകയല്ല മനോജ് ചെയ്തത്. പാട്ടിൽ കോർത്തിട്ട നേരിയൊരു ചിരി മാത്രമാണ് മാഷുടെ പ്രതിമയിൽ കാണാൻ കഴിയുക. രാഘവൻ മാസ്റ്റരുടെ ഇരുന്നൂറോളം ചിത്രങ്ങളും നിരവധി വീഡിയോകളും റഫർ ചെയ്ത ശേഷമാണ് മനോജ് പ്രതിമാ നിർമ്മാണത്തിലേക്ക് കടക്കുന്നത്. മാഷുടെ സ്റ്റീൽവാച്ച് , കണ്ണട എന്നിവയും അതേ തനിമയോടെ മനോജ് പ്രതിമയുടെ ഭാഗമാക്കി.
സംസ്ഥാനത്തിനകത്തും പുറത്തും ശ്രദ്ധ പിടിച്ചു പറ്റിയ ഒട്ടേറെ പ്രതിമകളുടെ സ്രഷ്ടാവാണ് കണ്ണൂർ താഴെ ചൊവ്വ സ്വദേശിയായ എൻ. മനോജ് കുമാർ. വർഷങ്ങൾക്ക് മുമ്പ് മാഹി മലയാള കലാഗ്രാമത്തിൽ അദ്ധ്യാപകനായിരുന്ന കാലം തൊട്ട് മനോജിന് പദ്മനാഭനെയും കെ. രാഘവൻ മാസ്റ്ററെയും അറിയാം. അന്നു രാഘവൻ മാസ്റ്ററും അവിടെ അദ്ധ്യാപകനായിരുന്നു. അതുകൊണ്ട് തന്നെ ദൃഢമായ ആത്മബന്ധം സൃഷ്ടിച്ചെടുക്കാൻ മനോജിന് കഴിഞ്ഞിട്ടുണ്ട്.
രാഘവൻ മാസ്റ്റരുടെ പ്രതിമ കണ്ട ശ്രീകുമാരൻ തമ്പി ഇങ്ങനെ പറഞ്ഞു,'മനോജ് കുമാർ സൃഷ്ടിച്ച രാഘവൻ മാസ്റ്ററുടെ പ്രതിമയെ അത്ഭുതകരവും അനന്യസുന്ദരവുമായ കലാരൂപം എന്നു ഞാൻ വിശേഷിപ്പിക്കുന്നു. മാഷുടെ മുഖഭാവം അത്ര തന്മയത്വത്തോടെയാണ് മനോജ് ആവിഷ്കരിച്ചിരിക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ ശിൽപ്പിയായി മനോജ് വളർന്നിരിക്കുന്നു."
ചെന്നൈ വേളാച്ചേരിയിലെ ആശാൻ മെമ്മോറിയിൽ അസോസിയേഷന്റെ കാറ്ററിംഗ് കോളേജിനും ചെങ്കൽപേട്ടയിലെ ഡന്റൽ കോളേജിനും മുന്നിലുള്ള കുമാരനാശന്റെ പൂർണകായ ശിൽപ്പങ്ങൾ. തലശേരി പാലയാട് കാമ്പസ്സിലെ ഷേക്സ്പിയർ, കണ്ണൂർ സെന്റ് തേരാസാസ് സ്കൂളിനു മുന്നിലെ ശിൽപ്പം, ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലെ ചങ്ങമ്പുഴ, വടകരയിലെ കെ.ബി. മേനോന്റെ ശിൽപ്പം, മാഹിയിലെ തന്നെ ഗാന്ധി ശിൽപ്പം എന്നിവ മനോജിന്റെ കരവിരുതിൽ വാർത്തെടുത്തവയിൽ ചിലതു മാത്രമാണ്.
മനോജ് നിർമ്മിച്ച ഡോ. ഹെർമൻ ഗുണ്ടർട്ട്, ഹെർമൻ ഹെസ്സേ, മേരി ഹെസ്സേ എന്നിവരുടെ പ്രതിമകൾ ജർമ്മനിയിലെ കാൽവിലും ഇടം പിടിച്ചിട്ടുണ്ട്.
ഏറ്റവും ഒടുവിലായി ലോകകപ്പ് ആവേശത്തിന്റെ ഭാഗമായി മറഡോണയുടെ പ്രതിമയും മനോജ് നിർമ്മിച്ചു. ഇന്റർനാഷണൽ മറഡോണ ക്ളബിൽ പതിനായിരത്തോളം പേർ നാല് ദിവസത്തിനകം ഈ പ്രതിമ കണ്ടു. മനോജിന്റെ സഹായികളായ പ്രജിലും സംജോത് ഏച്ചൂരും മറഡോണയായി ആറു മാസം പോസ് ചെയ്ത ശേഷമാണ് ഈ പ്രതിമ പൂർണതയിലെത്തിയത്. വെങ്കലത്തിലും ഫൈബറിലുമാണ് മനോജ് മറഡോണയുടെ പ്രതിമ പണികഴിപ്പിച്ചത്.
തിരുവനന്തപുരം ഫൈനാർട്സ് കോളേജിലെ കോഴ്സ് പൂർത്തിയാക്കാതെ ബറോഡയിലേക്ക് പോയ മനോജ് അവിടെ നിന്നാണ് പഠനം പൂർത്തിയാക്കുന്നത്. തുടർന്ന് മാഹി കലാഗ്രാമത്തിൽ അദ്ധ്യാപകനായി കുറച്ചു കാലം. പിന്നെ ശിൽപ്പങ്ങളുടെ ലോകത്തായി മനോജിന്റെ ജീവിതം.
ഒരു വ്യക്തിയിൽ നിന്നു ശിൽപ്പത്തിലേക്കുള്ള ദൂരം കുറയുമ്പോഴാണ് ആ ദൗത്യം പൂർണമാകുന്നത്. ശിൽപ്പ ഭാഷ സാഹിത്യ ഭാഷപോലെയല്ല. ശിൽപ്പ നിർമ്മാണത്തിലെ ക്രിയേറ്റിവിറ്റി പ്രധാനമാണ്. ഒരു വ്യക്തിയുടെ സൂഷ്മാംശങ്ങൾ അതുപോലെ പകർത്താൻ കഴിഞ്ഞാൽ മാത്രമെ ശിൽപ്പത്തിന് ജീവനുണ്ടാകുകയുള്ളൂ- മനോജ് പറഞ്ഞു.
കണ്ണൂർ താഴെ ചൊവ്വ ഇന്ദീവരത്തിലെ പരേതനായ റിട്ട. അദ്ധ്യാപകൻ ടി. നാരായണന്റെയും റിട്ട. അദ്ധ്യാപിക ടി.വി. ലീലയുടെയും മകനാണ് മനോജ്. വീടിനോട് ചേർന്ന പണിപ്പുരയിൽ ശിൽപ്പങ്ങൾക്കും പ്രതിമകൾക്കും ഒപ്പമാണ് മനോജിന്റെ ജീവിതം. ഭാര്യ അനിതയും മക്കളായ അനിരുദ്ധും മൃണാളിനിയും മനോജിനെ സഹായിക്കാൻ കൂടെയുണ്ട്.