
ലളിതഗാനത്തിലും ശാസ്ത്രീയസംഗീതത്തിലും ഒന്നാംസ്ഥാനം
ചായ്യോത്ത് : ഒന്നേകാൽ ലക്ഷത്തിലേറെ ഫോളോഴ്സുള്ള ചെറുവത്തൂരിലെ പാടാച്ചേരി രവീന്ദ്രന്റെ 'പാട്ടു വീടി'ന്റെ പാരമ്പര്യം കാത്ത് ഇളയമകൾ വൈഗ. യു.പി വിഭാഗത്തിൽ ലളിതഗാനം,ശാസ്ത്രീയസംഗീതം എന്നിവയിലാണ് ഈ മിടുക്കി ഒന്നാമതെത്തിയത്. ഉപജില്ലയിൽ പിന്തള്ളപ്പെട്ട കുട്ടി അപ്പീലിലൂടെയാണ് ലളിതഗാനത്തിൽ മത്സരിച്ച് എ.ഗ്രേഡ് നേടിയത്.
ചേച്ചി അനാമിക സംസ്ഥാനകലോത്സവത്തിൽ ലളിതഗാനത്തിലെ വിജയിയായിരുന്നു.തുരുത്തി ആർ.യു. ഇ.എം.എച്ച്.എസിലെ വിദ്യാർഥിയാണ് വൈഗ. ഇതേ സ്കൂളിലെ അദ്ധ്യാപികയായ സീനയും ബീവറേജസ് കോർപ്പറേഷനിലെ ഉദ്യോഗസ്ഥനായ പിതാവ് പാടാച്ചേരി രവീന്ദ്രനും രണ്ടുകുട്ടികളുമടങ്ങിയ പാട്ടുവീട് സോഷ്യൽ മീഡിയകളിൽ തരംഗമാണ്. ദുബൈ മലബാർ സാംസ്ക്കാരിക വേദി പ്രതിഭാ പുരസ്ക്കാരം, തിരുവനന്തപുരം സത്യജിത്ത് റേ ഫിലിം സൊസൈറ്റി സംഗീത പുരസ്ക്കാരം, തൃശൂർ . ടെയിൽ മാറ്റ്സ് സോഷ്യൽ മീഡിയ പുരസ്കാരം എന്നിവ ഇവർക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കൊവിഡ് കാലത്താണ് പടാച്ചേരിയുടെ പാട്ടു വീട് ക്ലിക്കായത്. കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയുടെ ശിഷ്യൻ കൂടിയാണ് രവീന്ദ്രൻ.