തളിപ്പറമ്പ്: ദേശീയപാത നിർമ്മാണം പുരോഗമിക്കുമ്പോൾ കുപ്പം പ്രദേശത്ത് രൂക്ഷമായ പൊടിശല്യം. ഇവിടെ പാർക്ക് ചെയ്ത് സർവീസ് നടത്തുന്ന ഇരുപതോളം ഓട്ടോറിക്ഷകൾ പൊടിശല്യം കാരണം സർവ്വീസ് നിർത്തിവയ്‌ക്കേണ്ടി വന്നു. പൊടി നിറഞ്ഞ് കാഴ്ച മറക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിരിക്കുകയാണ്.

കുപ്പം -ഏഴോം റോഡ് ജംഗ്ഷനിൽ പൊടിപടലങ്ങൾ കൊണ്ട് കാഴ്ച മറഞ്ഞ് അപകടങ്ങളും പതിവായിരിക്കുകയാണ്. ദേശീയപാതാ പ്രവൃത്തിയോടൊപ്പം കുപ്പം പാലത്തിന്റെ പ്രവൃത്തിയും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. റോഡ് ഉയർത്തുന്നതിനും വീതി കൂട്ടുന്നതിനും ലോഡുകണക്കിന് മണ്ണാണ് നിരത്തിയിരിക്കുന്നത്. മണ്ണുമായി പോകുന്ന ടോറസ് ലോറികളിൽ നിന്നുമാണ് റോഡിലേക്ക് മണ്ണ് വീഴുന്നത്.

മഴ പെയ്തതോടെ പ്രവൃത്തി നടക്കുന്ന ഭാഗത്തെല്ലാം ചെളി നിറയുകയും ഈ ഭാഗത്തു നിന്നുള്ള ലോറികളും മറ്റും ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോൾ ടയറിൽ നിന്നുമാണ് വലിയ തോതിൽ ചെളി റോഡിലെത്തുന്നത്. വെയിലത്ത് ചെളി ഉണങ്ങുന്നതോടെയാണ് വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടി ഉയരുന്നത്. നിർമ്മാണ പ്രവൃത്തികൾക്ക് തടസം വരാതെ നാട്ടുകാരെ പൊടിശല്യത്തിൽ നിന്നും രക്ഷിക്കാൻ അധികാരികൾ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.