കൂത്തുപറമ്പ്: നിർദ്ദിഷ്ട കുറ്റ്യാടി- മട്ടന്നൂർ വിമാനത്താവള നാലുവരി പാതയുമായി ബന്ധപ്പെട്ട് സർവ്വെ കല്ലുകൾ സ്ഥാപിച്ചതോടെ ആശങ്കയിലായിരിക്കുകയാണ് കൂത്തുപറമ്പ് ടൗണിലെ ഒരു വിഭാഗം വ്യാപാരികൾ. അലൈൻമെന്റ് അംഗീകരിച്ചാൽ നൂറോളം കടകൾ പൂർണമായും ഇല്ലാതാകുമെന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്. ഇത്രയും കടകൾ പൊളിച്ച് മാറ്റുന്നതിലൂടെ തൊഴിലാളികൾ ഉൾപ്പെടെ 600 ഓളം കുടുംബങ്ങൾ വഴിയാധാരമായേക്കും.

ടൗൺ ഒഴിവാക്കിയുള്ള ബദൽ റോഡിന്റെ രൂപരേഖ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉൾപ്പെടെ നേരത്തെ സർക്കാറിന് സമർപ്പിച്ചിരുന്നു. എന്നാൽ അത്തരം ബദൽ മാർഗ്ഗങ്ങളെപ്പറ്റി പരിശോധിക്കാതെയാണ് നിലവിലുള്ള അലൈൻമെന്റുമായി അധികൃതർ മുന്നോട്ട് പോകുന്നതെന്നാണ് ആക്ഷേപം. വളവുകൾ ഒഴിവാക്കാൻ എന്ന് പറഞ്ഞാണ് നിലവിലുള്ള അലൈൻമെന്റ് നടപ്പാക്കുന്നത്. ഇതാണ് ഇത്രയും കടകൾ പൂർണമായും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. തലശ്ശേരി വളവുപാറ കെ.എസ്.ടി.പി റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് ടൗണിൽ നിരവധി കടകൾ പൊളിച്ചുമാറ്റിയിരുന്നു.

വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച റോഡ് നിർമ്മാണം അടുത്ത കാലത്ത് മാത്രമാണ് പൂർത്തിയായത്. ഇതിനിടയിൽ വീണ്ടും എയർപോർട്ട് റോഡിന്റെ പേരിൽ കടകൾ പൊളിച്ച് മാറ്റാനുള്ള നടപടികളാണ് ആശങ്ക ഉയർത്തുന്നത്. റോഡ് 24 മീറ്ററിൽ താഴെ വീതി കുറക്കുകയും ഇരു ഭാഗങ്ങളിൽ നിന്നും ഒരുപോലെ സ്ഥലം ഏറ്റെടുക്കുകയും ചെയ്താൽ മിക്ക കടകളും അതുപോലെതന്നെ നിലനിർത്താൻ കഴിയുമെന്നാണ് വ്യാപാരികളുടെ നിഗമനം. അതോടൊപ്പം കുട്ടിക്കുന്നിൽ നിന്നുള്ള റിംഗ് റോഡുമായി നിർദ്ദിഷ്ട ബസ് സ്റ്റാൻഡ് റോഡിനെ ബന്ധപ്പെടുത്തിയാൽ കൂടുതൽ കഷ്ട നഷ്ടങ്ങൾ ഒഴിവാക്കാനും ടൗൺ നിലനിർത്താനും സാധിക്കുമെന്നും വ്യാപാരികൾ പറയുന്നു. വ്യാപാരികളുടെ ജീവിതമാർഗ്ഗം മുട്ടിക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൂത്തുപറമ്പ് യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസഡന്റ് പി.സി പോക്കു ഹാജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.പി പ്രകാശൻ,​ എ.ടി അബ്ദുൽ അസീസ്, മുല്ലോളി ഗംഗാധരൻ, കെ. അബ്ദുൽ അസീസ്, കെ.പി നൗഷാദ്, എൻ. രാമദാസ്, സംസാരിച്ചു.