മട്ടന്നൂർ: മട്ടന്നൂർ - തലശ്ശേരി റോഡിൽ ജലസേചന വകുപ്പിൽ നിന്ന് കൈമാറി കിട്ടിയ സ്ഥലത്ത് നിർമ്മിച്ച മട്ടന്നൂർ സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനം വൈകുന്നു. ഇരുനിലക്കെട്ടിടം ഒരു വർഷം മുമ്പേ പ്രവൃത്തി പൂർത്തിയാക്കിയാക്കിയെങ്കിലും ഉദ്ഘാടനം ചെയ്യാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിനിടയാക്കുകയാണ്. പലയിടങ്ങളിലായി വാടകക്കെട്ടിടങ്ങളിലാണ് സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചു വന്നത്.

ഇരിട്ടി റോഡിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ താഴത്തെ നിലയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. രജിസ്‌ട്രേഷനും മറ്റും ദിവസവും നിരവധി പേരെത്തുന്ന ഓഫീസിൽ അസൗകര്യങ്ങൾക്ക് നടുവിലാണ് പ്രവർത്തനം. റോഡിൽ നിന്ന് താഴ്ന്ന സ്ഥലത്തായതിനാൽ മഴക്കാലത്ത് വെള്ളം ഒഴുകിയെത്തുന്നതും വാഹനങ്ങൾ കടന്നുപോകുമ്പോൾ വെള്ളം തെറിക്കുന്നതും പതിവാണ്. പുതിയ ഓഫീസ് കെട്ടിടത്തിൽ ഫർണിച്ചറുകൾ മാത്രമാണ് സ്ഥാപിക്കാനുള്ളത്. ഇവ ഉടൻ പൂർത്തിയാക്കി കെട്ടിടം ഉദ്ഘാടനം ചെയ്യണമെന്നാണ് നാട്ടുകാരും ജീവനക്കാരും ആവശ്യപ്പെടുന്നത്.

പ്രവൃത്തി പൂർത്തിയാക്കിയിട്ടതിന് ശേഷം അധികൃതർ ആരും ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാതെ വന്നതോടെ കെട്ടിടം കാടുകയറി മൂടിയെന്നും ഇഴജന്തുക്കളുടെ താവളമായിരിക്കുകയാണ് ഇവിടമെന്നും പരാതിയുണ്ട്.

സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം രണ്ടു മാസത്തിനകം പ്രവർത്തനം തുടങ്ങാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഓഫീസ് കെട്ടിടത്തിലേക്കുള്ള വഴിയുടെ പ്രവൃത്തിയാണ് ഇനി നടത്തേണ്ടത്. പരിസരത്ത് ബലക്കുറവുള്ള മണ്ണായതിനാൽ ചെളി കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ ഇന്റർലോക്ക് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ഇതിനായി ടെൻഡർ നൽകിയിട്ടുണ്ട്. വിഷയം കെ.കെ.ശൈലജ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി. ബന്ധപ്പെട്ട മന്ത്രിയുടെ തീയതി ലഭ്യമാകുന്ന മുറയ്ക്ക് ഉടൻ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത്