മാഹി: മാഹിയിൽ യാത്രാക്ലേശം രൂക്ഷമായി. മയ്യഴിയിലെ ഉൾനാടൻ പ്രദേശങ്ങളിലൂടെ സർവ്വീസ് നടത്തിയിരുന്ന എട്ട് ബസുകളിൽ മൂന്നെണ്ണം മാത്രമേ ഇപ്പോൾ സർവീസ് നടത്തുന്നുള്ളൂ. സ്വകാര്യ ബസുകൾ ഇല്ലാത്ത മയ്യഴിയിൽ പി.ആർ.ടി.സിയുടേയും, സഹകരണ സംഘത്തിന്റെയും ബസുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. കൊവിഡിന് ശേഷം നാല് സഹകരണ ബസുകളിൽ രണ്ടെണ്ണം മാത്രമാണ് സർവ്വീസ് നടത്തുന്നത്. നാല് പി.ആർ.ടി.സി.ബസ്സുകളിൽ ഒരെണ്ണം മാത്രമാണ് ഇപ്പോൾ ഓടുന്നുള്ളൂ. ബസുകളെല്ലാം കണ്ടീഷനാണെങ്കിലും ഡ്രൈവർമാരും ജീവനക്കാരുമില്ലാത്തതിനാൽ മൂന്നെണ്ണം ഷെഡ്ഡിൽ കയറ്റിയിരിക്കുകയാണ്. അതിനിടെ രണ്ട് ജീവനക്കാരെ കാരിക്കലിലേക്ക് സ്ഥലം മാറ്റിയിരിക്കുകയുമാണ്. നൂറുകണക്കിന് വിദ്യാർത്ഥികളും തൊഴിലാളികളും, സാധാരണക്കാരും തീർത്തും ദുരിതത്തിലുമായി.