logo-

കാസർകോട്: മയക്കുമരുന്ന് കേസിൽ അകപ്പെട്ടവരുമായുള്ള വിവാഹത്തിന് പെൺകുട്ടികളെ നൽകില്ലെന്നും ഇത്തരക്കാരുടെ കല്ല്യാണവുമായി സഹകരിക്കില്ലെന്നും തീരുമാനമെടുത്ത്

കാസർകോട് കീഴൂർ പടിഞ്ഞാർ മുസ്ലിം ജമാ അത്ത് കമ്മറ്റിയും.നേരത്തെ കാഞ്ഞങ്ങാട് പടന്നക്കാട് ജമാഅത്ത് എടുത്ത ഈ തീരുമാനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

മാരക മയക്കുമരുന്നുമായി യുവാക്കളെയും വിദ്യാർത്ഥികളെയും നശിപ്പിക്കുന്ന മയക്കുമരുന്ന് മാഫിയയെ തങ്ങളുടെ പ്രദേശത്തെങ്കിലും തളക്കുന്നതിനായാണ് കീഴൂർ ജമാഅത്ത് കമ്മറ്റിയുടെ പ്രഖ്യാപനം. ഈയടുത്ത ദിവസങ്ങളിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ പ്രതിചേർക്കപ്പെട്ട

കീഴൂരിലെ ജലാലുദ്ധീൻ, ദേളിയിൽ താമസിക്കുന്ന കീഴൂരിലെ ശഫീർ, കീഴൂർ ടൗണിലെ കച്ചവടക്കാരൻ മുഹമ്മദ്‌കുഞ്ഞി എന്നിവരെയും വീട്ടുകാരെയും മഹല്ലിൽ നിന്ന് പുറത്താക്കിയാണ് രണ്ടുമാസം മുമ്പെടുത്ത ശക്തമായ തീരുമാനം ജമാഅത്ത് നടപ്പിലാക്കിയത്. മഹല്ലിലെ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന ലഘുലേഖയും ജമാഅത്ത് ഭാരവാഹികൾ അടിച്ചിറക്കി. ലഘുലേഖ കമ്മറ്റിക്കാർ എല്ലാ വീടുകളിലും എത്തിച്ചിട്ടുണ്ട്.

തീരുമാനങ്ങൾ ഇങ്ങനെ

മഹല്ല് പരിധിയിൽ കവലകളിലും പീടിക തിണ്ണകളിലും രാത്രി പത്ത് മണിക്ക് ശേഷം തമ്പടിക്കുന്നത് ഒഴിവാക്കണം

പുറത്തുനിന്ന് എത്തി കൂട്ടം കൂടുന്നത് തടയണം.

ഇത് ലംഘിക്കുന്നവർക്കെതിരെ പൊലീസ് സഹായം തേടും

ആനുകൂല്യങ്ങൾ അനുവദിക്കില്ല

 വാഹനങ്ങൾ നിരീക്ഷിച്ച് വിവരം പൊലീസിന് കൈമാറും

 ലഹരിക്കെതിരെ ബോധവൽക്കരണം, ക്‌ളാസുകൾ, റിഹാബിലേഷൻ

മാപ്പാക്കും ആറു മാസം കഴിഞ്ഞാൽ

മഹല്ലിൽ നിന്ന് പുറത്താക്കപ്പെട്ടവർ മയക്കുമരുന്ന് പൂർണ്ണമായും ഉപേക്ഷിച്ചു 'സത്യവാൻ' ആയെങ്കിൽ ആറു മാസത്തിന് ശേഷം മാപ്പപേക്ഷ നൽകാം. പിന്നീടുള്ള ആറു മാസം കൂടി നിരീക്ഷിച്ച ശേഷം കമ്മറ്റി തീരുമാനം എടുക്കും. ജയിലിൽ ആണെങ്കിൽ പുറത്തിറങ്ങി ആറു മാസത്തിന് ശേഷം വേണം അപേക്ഷ നൽകാൻ.

നാടിന് വേണ്ടിയെടുത്ത തീരുമാനമാണിത്. പെൺകുട്ടികൾ വരെ ലഹരിക്ക് ഇരയാകുമ്പോൾ നോക്കി നിൽക്കാൻ കഴിയില്ല. തീരുമാനം എടുത്തതിന് ശേഷം നിരവധി പഠന ക്‌ളാസുകൾ നടത്തിയിട്ടാണ് നടപടിയിലേക്ക് എത്തിയത്.

-അബ്ദുള്ള ഹുസൈൻ (പ്രസിഡന്റ്, കീഴൂർ പടിഞ്ഞാർ ജമാ അത്ത് കമ്മറ്റി )