തളിപ്പറമ്പ്: ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി കേരള ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേള 19ന് വൈകിട്ട് തളിപ്പറമ്പ് ഹോട്ടൽ ഹോറിസോൺ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഐ.എഫ്.എഫ്.കെയുടെ റീജ്യണൽ ഫെസ്റ്റ് എന്ന നിലയിലാണ് ചലച്ചിത്രമേള സംഘടിപ്പിക്കുക. ഐ.എഫ്.എഫ്.കെയുടെ മത്സര വിഭാഗത്തിലെയും മലയാള ചലച്ചിത്ര വിഭാഗത്തിലെയും മുഴുവൻ സിനിമകളും ചലച്ചിത്ര മേളയുടെ ഭാഗമായി പ്രദർശിപ്പിക്കും. ഇന്റർനാഷണൽ, ഇന്ത്യൻ, മലയാളം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് സിനിമകൾ പ്രദർശിപ്പിക്കുക. ചലച്ചിത്ര മേളയുടെ ഭാഗമായി എല്ലാ ദിവസവും ഓപ്പൺ ഫോറവും ഉണ്ടാവും. ഓൺലൈൻ രജിസ്ട്രേഷൻ 11ന് ആരംഭിക്കും. ഓഫ്‌ലൈൻ രജിസ്ട്രേഷൻ ഇന്ന് മുതൽ സംഘാടക സമിതി ഓഫീസിൽ ആരംഭിക്കും. ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ടൂർ ഇൻ ടാക്കീസ്, ഫിലിം എക്സിബിഷൻ, വിദ്യാർത്ഥികൾക്കായി ചലച്ചിത്ര വർക്ക് ഷോപ്പ് എന്നിവയും ഉണ്ടാകും. സന്തോഷ്‌ കീഴാറ്റൂർ, ഷെറി ഗോവിന്ദ്, എം.കെ മനോഹരൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.