കൊവിഡ് കാലത്തിനു ശേഷം ആരോഗ്യമേഖല അടിമുടി മാറുകയാണ്. ജനം അകന്നുനിന്നിരുന്ന സർക്കാർ ആശുപത്രികളിൽ ഇപ്പോൾ പൂരത്തിരക്കാണ്. ഹൈടെക് ചികിത്സയും ആധുനിക സൗകര്യങ്ങളും സർക്കാർ ആശുപത്രികളിലേക്ക് ജനങ്ങളെ തിരിച്ചുകൊണ്ടുവരികയാണ്. അടിമുടി മാറുന്ന സർക്കാർ ആശുപത്രികളെക്കുറിച്ച് ഒരു അന്വേഷണം...
തയാറാക്കിയത് ഒ.സി. മോഹൻരാജ്
മനം പിരട്ടുന്ന മരുന്നിന്റെ മണമുള്ള ഇടനാഴികൾ.. കാലൊടിഞ്ഞ ബഞ്ചിലെ കാത്തിരിപ്പ്.. മുറുക്കി ചുവപ്പിച്ച് തുപ്പിയ ജനൽപാളികൾ ... അടർന്നു വീഴുന്ന മേൽക്കൂര...തറയിൽ പായ വിരിച്ചു കിടക്കുന്ന രോഗികളും കൂട്ടിരിപ്പുകാരും... ഇതായിരുന്നു കുറച്ചു മുമ്പ് വരെ സർക്കാർ ആശുപത്രികളുടെ നേർചിത്രം. എന്നാൽ കഴിഞ്ഞ അഞ്ചു വർഷമായി ഈ ചിത്രങ്ങൾ പടിക്കുപുറത്താണ്. ആരോഗ്യമേഖല അടിമുടി മാറുകയാണ്.
കൊവിഡ് കാലത്ത് ഓക്സിജൻ സിലിണ്ടറുകളുമായി ജനങ്ങൾ ആശുപത്രികൾതോറും കയറിയിറങ്ങുന്നത് മറ്റു സംസ്ഥാനങ്ങളിൽ പതിവ് കാഴ്ചയായി. ഉറ്റവരുടെ മൃതദേഹം സംസ്‌കരിക്കാൻപോലും കഴിയാതെ കൂട്ടത്തോടെ കുഴിച്ചുമൂടുന്നതും നദികളിലേക്ക് വലിച്ചെറിയുന്നതുമായ കരളലിയിപ്പിക്കുന്ന കാഴ്ചകൾക്ക് ലോകം സാക്ഷിയായി. എന്നാൽ ഇവിടെ അതൊക്കെ ഒരു പരിധിവരെ പരിഹരിക്കാൻ കഴിഞ്ഞത് ആരോഗ്യമേഖലയിലെ മികവാണെന്നത് ഏറെ ആശ്വാസകരമാണ്.
പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെ ഹൈടെക്ക് സംവിധാനത്തിലേക്ക് അതിവേഗം കുതിക്കുകയാണ്. ഹൃദയശസ്ത്രക്രിയയ്ക്ക് അപ്പുറം ഹൃദയവും കരളും വൃക്കയും മാറ്റിവെക്കുന്ന ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ആധുനിക ചികിത്സകൾ സർക്കാർ ആശുപത്രികളിൽ ദിനംപ്രതിയെന്നോണം നടക്കുന്നു.
സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾ
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾവരെയുള്ള ആരോഗ്യസ്ഥാപനങ്ങളിൽ സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയതും ഒ.പി സമയം വൈകുന്നേരംവരെയാക്കിയതും വിപ്ളവകരമായ മാറ്റമായി. താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് കേന്ദ്രങ്ങളും ജില്ലാ ആശുപത്രികളിൽ കാത്ത്ലാബ് സൗകര്യവും ഏർപ്പെടുത്തി. മെഡിക്കൽ കോളേജ് ആശുപത്രികളെ മികവിന്റെ കേന്ദ്രമാക്കാൻ ലക്ഷ്യംവച്ചുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. കോടിക്കണക്കിന് രൂപ ചെലവ് വരുന്ന വികസനപ്രവർത്തനങ്ങളാണ് ഓരോ സ്ഥാപനത്തിലും നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ കുതിച്ചുചാട്ടമാണ് ദൃശ്യമാകുന്നത്.
മികവിന്റെ കേന്ദ്രമാകാൻ പിണറായി സി.എച്ച്.സി
സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തിയ പിണറായി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പുതിയ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മാണം തുടങ്ങിയിട്ടുണ്ട്. നബാർഡ് അനുവദിച്ച 19.75 കോടി രൂപയുടെ പ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ. പുതിയ നിർമ്മിതിക്കായി പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ചുമാറ്റിയിട്ടുണ്ട്. രണ്ട് ബേസ്‌മെന്റ് നിലകൾ ഉൾപ്പെടെ ആറു നിലയുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്. മലപ്പുറത്തെ നിർമ്മാൺ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ഒന്നാംഘട്ടത്തിൽ രണ്ട് ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്ലോർ, ഒന്നാംനില എന്നിവ നിർമ്മിക്കും. രണ്ടാംഘട്ടത്തിൽ രണ്ടും മൂന്നും നിലകളുടെ നിർമ്മാണമാണ്.
അത്യാഹിത വിഭാഗം, ഒ.പി, ഇ.എൻ.ടി, ഗൈനക്കോളജി, ഓപറേഷൻ തീയേറ്റർ, ഐ.സി.യുകൾ, എസ്.ടി.പി, ജനറൽ സ്റ്റോർ, ഫാർമസി സ്റ്റോർ, കാർ പാർക്കിംഗ്, ഡയാലിസിസ് യൂണിറ്റ്, എക്‌സ്റേ യൂണിറ്റ്, സ്‌കാനിംഗ് സെന്റർ എന്നിവ സജ്ജമാക്കും.