കാസർകോട്: തീരദേശ പരിപാലന നിയമത്തിന്റെ കുരുക്കിൽ വലയുന്ന കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരദേശ പഞ്ചായത്തുകളായ വലിയപറമ്പ്, പടന്ന, രാമന്തളി, മാടായി, മാട്ടൂൽ പഞ്ചായത്തുകളിലെ പാവപ്പെട്ട കുടുംബങ്ങളുടെ ദുരിതം ലോക് സഭയിൽ ഉന്നയിച്ചു രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. സ്വന്തം സ്ഥലത്ത് വീട് നിർമ്മിക്കുവാൻ സാധിക്കുന്നില്ല. നിർമ്മിച്ച ആയിരത്തോളം വീടുകൾക്കും സ്ഥാപനങ്ങൾക്കും കെട്ടിട നമ്പറും ലഭിക്കുന്നില്ല. മത്സ്യത്തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങളും അവരുടെ സംരക്ഷണവും സാദ്ധ്യമാകുന്നില്ല. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളും തടസ്സപ്പെട്ടിരിക്കയാണ് . ഒരു ഭാഗം പുഴയും മറ്റുഭാഗമാണെങ്കിൽ കൂടുതലായും കൃഷിസ്ഥലവുമായതിനാൽ നിർമ്മാണ പ്രവൃത്തിയും സാധ്യമല്ല. ഈ നിയമത്തിൽ നിന്നും ഇളവ് ലഭ്യമായില്ലായെങ്കിൽ വരും തലമുറയ്ക്ക് ഇവിടെ ജീവിതം സാധ്യമാകില്ലെന്ന് എം.പി പറഞ്ഞു.