കാസർകോട്: കാസർകോട് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ വിതരണക്കാർക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന വൻ റാക്കറ്റിലെ മുഖ്യകണ്ണി കാസർകോട് പൊലീസിന്റെ പിടിയിലായി. മഞ്ചേശ്വരം കുഞ്ചത്തൂരിലെ ഷമീറിനെ(45) ആണ് അറസ്റ്റിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കാസർകോട് ഡി.സി.ആർ.ബി ഡിവൈ.എസ്. പി സി. എ അബ്ദുൽ റഹീം, സി.ഐ പി അജിത് കുമാർ, എസ്.ഐ രാകേഷ് എന്നിവരുടെ നേതൃത്വത്തിൽ മൊഗ്രാൽ പുത്തൂർ ദേശീയപാതയിൽ ഇയാൾ സഞ്ചരിച്ച മാരുതി കാർ തടഞ്ഞുനിർത്തി പരിശോധിച്ചാണ് 40 ഗ്രാം എം.ഡി.എം.എയുമായി ഷമീറിനെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്തിയ കെ എൽ 60 ജെ 1124 നമ്പർ കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഷമീറിന്റെ കീഴിൽ ജില്ലയിൽ പലയിടത്തും ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നാളുകളായി വലവിരിച്ച് കാത്തുനിൽക്കുകയായിരുന്ന മയക്കുമരുന്ന് ശൃംഖലയിലെ മൊത്ത വിതരണക്കാരനാണ് പിടിയിലായ ഷമീർ. മൂന്നുതവണ ഇയാളെ പിടികൂടാൻ പൊലീസ് നീക്കം നടത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. മൊത്തമായി മയക്കുമരുന്ന് എത്തിച്ചു 100 ഗ്രാം 200 ഗ്രാം വീതിച്ച് വിതരണക്കാർക്ക് നൽകുകയാണ് പതിവ്. ഈ കച്ചവടത്തിൽ ലക്ഷങ്ങൾ ഇയാൾ സമ്പാദിച്ചിട്ടുണ്ട് എന്ന് പൊലീസ് പറയുന്നു. സമീറിന്റെ വീട്ടിലും കേന്ദ്രങ്ങളിലും പൊലീസ് പിന്നീട് പരിശോധന നടത്തി. ഒന്നും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഏതോ രഹസ്യ താവളത്തിൽ സാധനം ഉണ്ടെന്ന് പൊലീസ് കരുതുന്നു. മണിക്കൂറുകൾ ചോദ്യം ചെയ്തിട്ടും ഇയാൾ ഒന്നും പൊലീസിനോട് പറയാൻ തയ്യാറായിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരായ ശിവപ്രസാദ്, രാജേഷ്,, ജെയിംസ്, ഫിലിപ്പ് തോമസ്, സജീഷ് എന്നിവരും ഉണ്ടായി.