road
ടാറിംഗ് പ്രവൃത്തി പുരോഗമിക്കുന്ന തലപ്പാടി- കുഞ്ചത്തൂർ റോഡ്

കണ്ണൂർ: വടക്കേ മലബാറിന്റെ മുഖച്ഛായ മാറ്റി ആറുവരിപ്പാതാ നിർമ്മാണം അതിവേഗം കുതിക്കുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലെ റോഡ് വികസന പദ്ധതികൾക്കാണ് വേഗം വച്ചു തുടങ്ങിയത്. കാസർകോട് ജില്ലയിലെ തലപ്പാടി–ചെങ്കള റീച്ചിൽ 25 ശതമാനം പ്രവൃത്തി പൂർത്തിയായി. 37 കിലോമീറ്റർ ആറുവരിപ്പാതയിൽ ഏഴ് കിലോമീറ്റർ ടാറിംഗ് പൂർത്തിയായി. 2024 ഏപ്രിലിൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

തലപ്പാടി മുതൽ കുഞ്ചത്തൂർ വരെയുള്ള പ്രദേശത്താണ് ടാറിംഗ് പൂർത്തിയായത്. ഇരുവശത്തുമായി 66 കിലോമീറ്റർ സർവീസ് റോഡിൽ അഞ്ച് കിലോമീറ്റർ ടാർ ചെയ്തു. നാല് കിലോമീറ്റർ ടാറിംഗിന് സജ്ജമായി. 18 കിലോമീറ്ററിൽ പ്രവൃത്തി പുരോഗമിക്കുന്നു. റോഡ് നിർമാണത്തിന് പരമപ്രധാനമാണ് ഓവുചാലും പാർശ്വഭിത്തിയും. ഇരുവശത്തുമായി 78 കിലോമീറ്റർ ഓവുചാലിൽ 34 കിലോമീറ്റർ പൂർത്തിയായി. സ്ലാബ് ഉൾപ്പെടെയാണിത്. ആറ് കിലോമീറ്ററിൽ പണി പുരോഗമിക്കുന്നു. സുരക്ഷാഭിത്തി ഇരുവശത്തുമായി 50 കിലോമീറ്ററാണ്. ഇതിൽ 50 ശതമാനവും കഴിഞ്ഞു.


പാലങ്ങളും അതിവേഗം
പാലങ്ങളുടെ പ്രവൃത്തിയും അതിവേഗത്തിലാണ്. കാസർകോട് മേൽപ്പാലത്തിന്റെ 30 തൂണുകളിൽ 20 പൂർത്തിയായി. മറ്റുള്ളവയുടെ പണി പുരോഗമിക്കുന്നു. മഞ്ചേശ്വരം, പൊസോട്ട്, ഉപ്പള, മംഗൽപാടി (കുക്കാർ), ഷിറിയ, കുമ്പള, മൊഗ്രാൽ, എരിയാൽ എന്നീ എട്ട് പാലങ്ങൾക്കായി 63 തൂണുകൾ നിർമ്മിക്കണം. ഇതിൽ 49 എണ്ണം പൂർത്തിയായി. പാലങ്ങൾ പൊളിച്ച് പണിയേണ്ട 14 തൂണുകളാണ് ബാക്കിയുള്ളത്. 234 ഗർഡറുകളിൽ 25 ശതമാനം കഴിഞ്ഞു. ഉപ്പള ആകാശപാതയുടെ ഡിസൈൻ തയ്യാറായി വരുന്നു.
അടിപ്പാതകളിൽ മൊഗ്രാൽ, ബിസി റോഡ് എന്നിവിടങ്ങളിൽ നിർമ്മാണം കഴിഞ്ഞു. കുഞ്ചത്തൂർ, മഞ്ചേശ്വരം, ആരിക്കാടി, കുമ്പള, ചൗക്കി അടിപ്പാതകളുടെ നിർമാണം 50 ശതമാനം പൂർത്തിയായി. ചെങ്കള നായനാർ ആശുപത്രിക്ക് മുന്നിൽ പ്രവൃത്തി തുടങ്ങി.

കടന്നുപോകുന്നത് 22 വില്ലേജുകളിൽ

കണ്ണൂർ ജില്ലയിലെ ദേശീയപാത വടക്ക് കരിവെള്ളൂരിൽനിന്ന് തുടങ്ങി മുഴപ്പിലങ്ങാട് അവസാനിക്കുന്നത് വരെ 22 വില്ലേജുകളിലൂടെയാണ് കടന്നുപോകുന്നത്. ജില്ലയിൽ നാല് ബൈപ്പാസുകൾ, ഏഴ് വലിയ പാലങ്ങൾ, ഏഴ് ഫ്‌ളൈ ഓവറുകൾ, 10 വയഡക്ടുകൾ എന്നിവയാണ് നിർമ്മിക്കുന്നത്. പയ്യന്നൂർ (3.82 കി.മീ), തളിപ്പറമ്പ് (5.66 കി.മീ), കണ്ണൂർ (13.84 കി.മീ), തലശ്ശേരി മാഹി (18.6 കി.മീ) എന്നീ നാല് ബൈപാസുകളാണ് ദേശീയപാതയിലുണ്ടാവുക. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി രണ്ട് റീച്ചുകളിൽ ഭൂമി നിരപ്പാക്കൽ, മരങ്ങൾ മുറിക്കൽ, കെട്ടിടങ്ങൾ പൊളിക്കൽ, വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കൽ എന്നിവ ഏതാണ്ട് പൂർത്തിയായി. പുതിയ പാലങ്ങൾക്കായുള്ള പൈലിംഗ് പ്രവൃത്തികൾ ആരംഭിച്ചു.


തലപ്പാടി–ചെങ്കള റീച്ച് 37 കി.മീ

നീലേശ്വരം-തളിപ്പറമ്പ് റീച്ച് 40.110 കി. മീ
തളിപ്പറമ്പ്- മുഴപ്പിലങ്ങാട് റീച്ച് 29.948 കി.മീ

മാഹി -ബൈപാസ് 18.6 കി.മീ