kannur-airport

നാല് വർഷം മുമ്പ് കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്ന വേളയിൽ അന്നത്തെ കിയാൽ എം.ഡി വി. തുളസീദാസ് പറഞ്ഞത് ഏത് പ്രതിസന്ധിയിലും അഞ്ചുവർഷം കൊണ്ട് കണ്ണൂർ വിമാനത്താവളം ലാഭത്തിലാക്കാൻ കഴിയുമെന്നാണ്. എന്നാൽ നാലുവർഷം പിന്നിടുമ്പോൾ എയർപോർട്ടിന്റെ ചിറകുകൾ അരിഞ്ഞു വീഴ്ത്തപ്പെടുന്നതാണ് കാഴ്ച.

ഇതോടെ വടക്കേ മലബാറിന്റെയാകെ ആകാശസ്വപ്നങ്ങൾ വഴിമുട്ടി. വിദേശ വിമാനക്കമ്പനികൾ വന്നാലേ ഒരു പരിധിവരെയെങ്കിലും കണ്ണൂർ വിമാനത്താവളം രക്ഷപ്പെടൂ. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ നിരവധി തവണ പ്രധാനമന്ത്രിയേയും വ്യോമയാനമന്ത്രിയേയും നേരിൽക്കണ്ട് കാര്യം ധരിപ്പിച്ചെങ്കിലും നടപടിയായില്ല. വിദേശ കമ്പനികൾക്ക് സർവീസ് നടത്താൻ കഴിയുന്ന 'പോയിന്റ് ഓഫ് കോൾ' പദവി ലഭ്യമാകുകയെന്നതാണ് വിമാനത്താവളത്തിന്റെ വികസനത്തിന് അത്യാവശ്യം. ഏറെക്കാലമായി കിയാലും സംസ്ഥാന സർക്കാരും ഈ ആവശ്യം കേന്ദ്രത്തിന് മുന്നിൽ ഉന്നയിക്കുന്നുണ്ടെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല.

കൊവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി വിദേശ കമ്പനികളുടെ നിരവധി ചാർട്ടേർഡ് വിമാനങ്ങൾ കണ്ണൂരിലേക്ക് സർവീസ് നടത്തിയിരുന്നു. കുവൈത്ത് എയർവേയ്‌സ്, എമിറേറ്റ്‌സ് കമ്പനികളുടെ വൈഡ് ബോഡി വിമാനങ്ങളും കണ്ണൂർ വിമാനത്താവളത്തിലിറങ്ങി. ഇതോടെ വലിയ വിമാനങ്ങൾക്ക് സുരക്ഷിതമായി കണ്ണൂരിലെ റൺവേയിലിറങ്ങാൻ സാധിക്കുമെന്ന് തെളിഞ്ഞതാണ്. വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താവുന്ന എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. എന്നാൽ പുതിയ വിമാനത്താവളങ്ങളിൽ വിദേശ കമ്പനികളുടെ സർവീസ് വേണ്ടെന്ന നയത്തിൽ കേന്ദ്രവ്യോമയാന മന്ത്രാലയം ഉറച്ചുനിൽക്കുകയാണ്. ഇന്ത്യൻ കമ്പനികളെ സഹായിക്കുന്നതാണ് നയമെങ്കിലും കണ്ണൂർ പോലുള്ള വിമാനത്താവളങ്ങളുടെ വികസന സാദ്ധ്യതയ്‌ക്ക് ഇത് തടസമാണ്. എയർഏഷ്യയുടെ ആസിയാൻ രാജ്യങ്ങളിലേക്ക് സർവീസ് നടത്താവുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലും കണ്ണൂരില്ല. സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്ക് കണ്ണൂരിൽ നിന്ന് സർവീസുകൾ വേണമെന്ന ആവശ്യവും ശക്തമാണ്. ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രമാണ് കണ്ണൂരിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ. ഇതുവരെയായി 30 ലക്ഷത്തിലധികം യാത്രക്കാർ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തു കഴിഞ്ഞു. പ്രവർത്തനം തുടങ്ങി ആദ്യ പത്തു മാസത്തിനുള്ളിൽ തന്നെ 10 ലക്ഷം യാത്രക്കാരെന്ന നേട്ടം കിയാൽ കൈവരിച്ചിരുന്നു.

കൊവിഡ് ലോക്ക്ഡൗണിന് ശേഷവും യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനയുണ്ട്. കഴിഞ്ഞ ചില മാസങ്ങളിൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ ആദ്യ പത്ത് വിമാനത്താവളങ്ങളുടെ പട്ടികയിൽ കണ്ണൂർ ഇടം നേടി. കണ്ണൂരിന്റെ മറ്റൊരാവശ്യമായ ഹജ്ജ് പുറപ്പെടൽ കേന്ദ്രവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. കണ്ണൂരിൽ ഹജ്ജ് പുറപ്പെടൽ കേന്ദ്രം തുടങ്ങിയാൽ കണ്ണൂർ, കാസർകോട്, വയനാട്, വടകര, തമിഴ്‌നാട്, തെക്കൻ കർണാടക എന്നിവിടങ്ങളിലുള്ള 5000ത്തിലധികം തീർത്ഥാടകർക്ക് പ്രയോജനകരമാകും.

ഇതിനുവേണ്ട പ്രത്യേക കൗണ്ടറുകളും മറ്റു സജ്ജീകരണങ്ങളും ഒരുക്കാൻ ടെർമിനലിൽ സ്ഥലമുണ്ട്. ഇത്തവണ കരിപ്പൂർ വിമാനത്താവളത്തെ ഒഴിവാക്കിയപ്പോൾ പോലും കണ്ണൂരിനെ പരിഗണിക്കാൻ അധികൃതർ തയ്യാറായില്ല. വിമാനത്താവളത്തിലെത്തിയ കേന്ദ്ര വ്യോമയാന സഹമന്ത്രി സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. കാർഗോ മാത്രം കൊണ്ടുപോകുന്ന വിമാനങ്ങളിൽ 32 ടൺ ചരക്കുവരെ വഹിക്കാൻ കഴിയും.

ആ യാത്രയിൽ പ്രതീക്ഷ

വിമാനത്താവള വികസനത്തിനു വേണ്ടി ഡൽഹിയിലെത്തി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങിയിരിക്കുകയാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാന യാത്രക്കാരുടെ കൂട്ടായ്മയായ 'ഹിസ്റ്റോറിക്കൽ ഫ്‌ളൈറ്റ് ജേണി'. വിദേശ വിമാനങ്ങൾക്ക് അനുമതി, കൂടുതൽ ആഭ്യന്തര സർവീസുകൾ, വിദേശത്തെ കൂടുതൽ വിമാനത്താവളങ്ങളിലേക്കു സർവീസുകൾ തുടങ്ങിയ ആവശ്യങ്ങളുമായാണു സംഘം ഡൽഹിയിലേക്കു പോകുന്നത്.

വിസ്താര, സ്‌പൈസ് ജെറ്റ്, ജെറ്റ് എയർവേയ്‌സ്, ആകാശ തുടങ്ങിയ കമ്പനികളെ കണ്ണൂരിലേക്ക് ക്ഷണിക്കാനും യാത്ര ലക്ഷ്യമിടുന്നു.

തിരിച്ചടിയായി

ഉയർന്ന യാത്രാനിരക്കും

കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ചയ്ക്ക് തടസം സർവീസുകളുടെ കുറവും ഉയർന്ന ടിക്കറ്റ് നിരക്കുമാണ്. സർവീസുകളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും പുതിയ കമ്പനികൾ സർവീസ് തുടങ്ങിയിട്ടില്ല. മിഡിൽ ഈസ്റ്റ്, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങി കൂടുതൽ സ്ഥലങ്ങളിലേക്കും സർവീസുകളായിട്ടില്ല. മറ്റു വിമാനത്താവളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കണ്ണൂരിൽ നിന്നുള്ള യാത്രാനിരക്ക് ഇരട്ടിയോളമെത്തിയതിന്റെ കാരണം സർവീസുകളുടെ കുറവ് തന്നെയാണ്.


കഴിഞ്ഞ മാസത്തിൽ കണ്ണൂരിൽ നിന്ന് 438 അന്താരാഷ്ട്ര സർവീസുകൾ നടത്തിയപ്പോൾ കൊച്ചി വിമാനത്താവളത്തിൽ നിന്ന് നടത്തിയത് 1868 സർവീസുകളാണ്. കോഴിക്കോട്ടു നിന്ന് 1159 സർവീസുകളും തിരുവനന്തപുരത്ത് നിന്ന് 949 സർവീസുകളും നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം കണ്ണൂരിൽ നിന്ന് 557 ആഭ്യന്തര സർവീസുകൾ നടത്തിയപ്പോൾ കൊച്ചിയിൽ സർവീസുകളുടെ എണ്ണം 2361 ആണ്. സർവീസുകളുടെ എണ്ണത്തിലെ വ്യത്യാസമാണ് ഉയർന്ന ടിക്കറ്റ് നിരക്കിന് പിന്നിലെന്ന് ഈ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും.
എയർബബിൾ, വന്ദേഭാരത് ക്രമീകരണ പ്രകാരം നടത്തിവന്ന സർവീസുകളിൽ നിന്ന് വേനൽക്കാല ഷെഡ്യൂളിലേക്ക് മാറിയപ്പോൾ പലയിടങ്ങളിലേക്കും കണ്ണൂരിൽ നിന്ന് സർവീസുകൾ കുറഞ്ഞതായി പരാതി ഉയർന്നിരുന്നു. എന്നാൽ ഇൻഡിഗോയും ഗോ ഫസ്റ്റും ഇപ്പോൾ കൂടുതൽ ഗൾഫ് നാടുകളിലേക്ക് സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതൽ യാത്രക്കാരുള്ള ഷാർജ, ദോഹ സെക്ടറുകളിലേക്ക് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഇപ്പോൾ 18000 മുതൽ 30000 രൂപ വരെ ടിക്കറ്റ് നിരക്കുണ്ട്. എന്നാൽ കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലേക്ക് ഇത് 15000 വരെ മാത്രമാണ്. ദുബായിലേക്ക് മറ്റു വിമാനത്താവളങ്ങളുടെ ഇരട്ടിയോളമാണ് കണ്ണൂരിൽ നിന്നുള്ള നിരക്കെന്ന് പരാതിയുണ്ട്. പുതുതായി സർവീസ് തുടങ്ങിയ ദമാമിലേക്ക് 30,000 രൂപയിലധികമാണ് ഈടാക്കുന്നത്.

ചരക്കുനീക്കവും മന്ദഗതിയിൽ
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ചരക്കുനീക്കം തുടങ്ങിയത്. വിപുലമായ സൗകര്യങ്ങളോടു കൂടിയ കാർഗോ കോംപ്ലക്‌സും മറ്റു സൗകര്യങ്ങളുമുണ്ടെങ്കിലും സർവീസുകളുടെ എണ്ണം കുറവായത് ചരക്കുനീക്കത്തെയും ബാധിക്കുകയാണ്. കഴിഞ്ഞ മാസം 370 ടൺ ചരക്കാണ് കണ്ണൂർ വിമാനത്താവളം വഴി വിദേശത്തേക്ക് കയറ്റി അയച്ചത്. ആഭ്യന്തര ചരക്കുനീക്കം ഏഴു ടൺ മാത്രവും. കൊച്ചിയിൽ നിന്ന് 4284 ടണ്ണും തിരുവനന്തപുരത്ത് നിന്ന് 1164 ടണ്ണും ചരക്ക് മാർച്ചിൽ വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ട്.
യാത്രാവിമാനങ്ങളിൽ നിശ്ചിത അളവ് ചരക്ക് മാത്രമേ കയറ്റാൻ സാധിക്കുകയുള്ളൂ. വിദേശ കമ്പനികളുടെ വിമാനങ്ങളും ചരക്കുമാത്രം കയറ്റുന്ന വിമാനങ്ങളും സർവീസ് തുടങ്ങിയാൽ ചരക്കുനീക്കം വർദ്ധിക്കും.

യാത്രക്കാരുടെ

എണ്ണക്കുറവ്

90,494 യാത്രക്കാരാണ് കഴിഞ്ഞമാസം കണ്ണൂർ വിമാനത്താവളം വഴി യാത്രചെയ്തത്. ഓഗസ്റ്റ് മാസത്തിൽ യാത്രക്കാരുടെ എണ്ണം ഒരുലക്ഷം പിന്നിട്ടിരുന്നു.1,11,692 പേരാണ് ഓഗസ്റ്റിൽ യാത്ര ചെയ്തത്. സെപ്തംബറിൽ യാത്രക്കാരുടെ എണ്ണം 96,673 ആയി കുറഞ്ഞു.
ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലാണ് കണ്ണൂർ വിമാനത്താവളത്തിൽ കാര്യമായ കുറവുള്ളത്. ഓഗസ്റ്റിൽ 37,322 യാത്രക്കാരുണ്ടായിരുന്നത് സെപ്തംബറിൽ 34,016 ആയും ഒക്ടോബറിൽ 28,022 ആയും കുറഞ്ഞു. കണ്ണൂരിൽ നിന്നുള്ള ആഭ്യന്തര ടിക്കറ്റ് നിരക്കുകൾ കൂടുതലാണെന്ന പരാതിയുമുണ്ട്. മിക്ക റൂട്ടുകളിലും ഒരു കമ്പനി മാത്രമാണ് സർവീസ് നടത്തുന്നത്.
ഈ മാസം ജിദ്ദ, ദുബായ് സെക്ടറുകളിൽ എയർഇന്ത്യ എക്‌സ്പ്രസ് പുതുതായി സർവീസുകൾ തുടങ്ങിയിരുന്നു. ഇതോടെ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിദ്ദയിലേക്ക് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരു മാസത്തേക്ക് സീറ്റുകൾ പൂർണമായും ബുക്കായിരുന്നു.