പയ്യന്നൂർ: ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന പയ്യന്നൂർ നഗരത്തിലെ ജനങ്ങൾക്ക് ഇനി ആശ്വസിക്കാം. അടിമുടി മാറാൻ ഒരുങ്ങുകയാണ് പയ്യന്നൂർ നഗരം. കേരള റോഡ് ഫണ്ട് ബോർഡ് വഴി നടപ്പാക്കുന്ന ചെറു നഗരങ്ങളുടെ വികസന പദ്ധതിയിയിൽ ഉൾപ്പെടുത്തിയാണ് നഗരത്തിൽ നവീകരണ പ്രവൃത്തി നടത്തുക.
ജനപ്പെരുപ്പവും വാഹനപ്പെരുപ്പവും പരിഗണിച്ച് ചെറു നഗരങ്ങളുടെ വികസനമാണ് റോഡ് ഫണ്ട് ബോർഡ് ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി പയ്യന്നൂർ നഗരത്തിലെയും നഗരത്തിലേക്ക് പ്രവേശിക്കുന്നതുമായ റോഡുകൾ നവീകരിക്കും. മെച്ചപ്പെട്ട ഡ്രൈനേജ് സംവിധാനം, നടപ്പാത, നഗര സൗന്ദര്യവൽക്കരണം എന്നിവയും നടപ്പാക്കും. പൊതു - സ്വകാര്യ പങ്കാളിത്തത്തിൽ 15 വർഷത്തെ അറ്റകുറ്റ പ്രവൃത്തിയും ഉൾപ്പെടുന്നതാണ് പദ്ധതി.
പദ്ധതി പ്രകാരം മിനിമം 12 മീറ്റർ വീതിയിലായിരിക്കണം റോഡുകൾ. ഇതിനായി നിലവിലുള്ള റോഡുകൾ അളന്ന് തിട്ടപ്പെടുത്തി ഭൂമി ഏറ്റെടുക്കൽ നടപടിക്കുള്ള അനുമതിക്കായി സർക്കാരിന് അപേക്ഷ സമർപ്പിച്ചു. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായാലുടൻ ഡി.പി.ആർ തയ്യാറാക്കി സമർപ്പിക്കും.

പ്രധാന വ്യാപാര മേഖല

കണ്ടോത്ത് കോത്തായി മുക്ക് മുതൽ പെരുമ്പ പാലം വരെ ദേശീയപാതയും പെരുമ്പ ദേശീയപാത മുതൽ റെയിൽവേ ഓവർ ബ്രിഡ്ജ് വരെ പെരുമ്പ മാർക്കറ്റ് റോഡുമാണ് പയ്യന്നൂരിന്റെ പ്രധാന വ്യാപാര മേഖല. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ പാതകളിൽ ഗതാഗതക്കുരുക്ക് സ്ഥിരം കാഴ്ചയാണ്. ഇത് ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് നവീകരണ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്.

പയ്യന്നൂരിന്റെ പെരുമ ചോരാതെ നഗരത്തിൽ കൂടുതൽ വികസനം സാദ്ധ്യമാക്കുകയാണ് ലക്ഷ്യം. പ്രവൃത്തി വേഗത്തിൽ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

ടി.ഐ മധുസൂദനൻ എം.എൽ.എ