കാസർകോട്: ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയിലൂടെ സംരംഭ സൗഹൃദ ജില്ലയായി മാറി കാസർകോട്. സംരംഭകത്വ വികസനത്തിൽ ജില്ല നടത്തിയത് മികച്ച മുന്നേറ്റം. 2021 - 22 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് പത്തിരട്ടിയിലധികം സംരംഭങ്ങൾ ഒപ്പം നിക്ഷേപവും ജോലി സാദ്ധ്യതകളും സമാന്തരമായി വർദ്ധിച്ചു. 2021- 22 സാമ്പത്തിക വർഷം 220 സംരംഭങ്ങൾ തുടങ്ങിയ സ്ഥാനത്ത് നടപ്പ് സാമ്പത്തിക വർഷം ഡിസംബർ വരെ ജില്ലയിൽ 3175 സംരംഭങ്ങളാണ് ആരംഭിച്ചത്.

196.39 കോടിയുടെ നിക്ഷേപവും ഇതിലൂടെ ജില്ലയിലുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷം 13.928 കോടിയുടെ നിക്ഷേപമുണ്ടായ സ്ഥാനത്താണ് സാമ്പത്തിക വർഷം പൂർത്തിയാവുന്നതിനു മുമ്പെ തന്നെ ഈ വർദ്ധനവ്. ജില്ലയിൽ 6460 പേർക്കാണ് നവംബർ മാസം വരെ സംരംഭങ്ങളിലൂടെ ജോലി നേടാനായത്. 2021 - 22 സാമ്പത്തിക വർഷം 959 പേർക്ക് ആണ് ആകെ തൊഴിൽ ലഭിച്ചത്. നിയോജക മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് മണ്ഡലത്തിലാണ് കൂടുതൽ സംരംഭങ്ങൾ. കാഞ്ഞങ്ങാട് 729 സംരംഭങ്ങൾ ആണ് ഇതുവരെ തുടങ്ങിയത്. 82.51 കോടി രൂപയുടെ നിക്ഷേപവും 1557 തൊഴിൽ അവസരങ്ങളും സൃഷ്ടിച്ചു.

മറ്റ് മണ്ഡലങ്ങളിലും സംരംഭക മേഖലയിൽ മികച്ച നേട്ടം കൈവരിക്കാൻ ജില്ലയ്ക്കായി. മഞ്ചേശ്വരത്ത് 558 സംരംഭങ്ങൾ തുടങ്ങി. 23.2 കോടി രൂപയുടെ നിക്ഷേപത്തിനൊപ്പം 1059 പേർക്ക് തൊഴിൽ ലഭിച്ചു. കാസർകോട് മണ്ഡലത്തിൽ 592 സംരംഭങ്ങളിൽ 34.83 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 1274 തൊഴിൽ അവസരങ്ങളും. ഉദുമ മണ്ഡലത്തിൽ 632 സംരംഭങ്ങൾ ആരംഭിച്ചു. 27.11 കോടി രൂപയുടെ നിക്ഷേപവും 1272 തൊഴിൽ സാദ്ധ്യതകളുമുണ്ടായി. തൃക്കരിപ്പൂരിൽ 664 സംരംഭങ്ങൾ തുടങ്ങി. 28.74 കോടി രൂപയുടെ നിക്ഷേപവും 1272 തൊഴിലുകളും ഇതിലൂടെ സൃഷ്ടിച്ചു.

വ്യവസായം തുടങ്ങണോ ഇതിലെ വരൂ

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഒപ്പം സംരംഭകരുടെ സംഗമവും. തുടർന്ന് സംരംഭങ്ങൾ തുടങ്ങാൻ താത്പര്യമുള്ളവരെ ലക്ഷ്യമിട്ട് പഞ്ചായത്തുകൾതോറും ലോൺ ലൈസൻസ് സബ്സിഡി മേള നടത്തി. തുടർന്നും പുതുതായി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് എല്ലാവിധ സഹായങ്ങളും പ്രോത്സാഹനവും നൽകുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത് കുമാർ പറഞ്ഞു.