ബദിയടുക്ക: ബദിയടുക്കയിലെ ഫർണീച്ചർ കടയിൽ മോഷണം. പിലാങ്കട്ട അർത്തിപ്പള്ളത്തെ അബൂബക്കറിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ബദിയടുക്ക ടൗണിലെ ഫർണീച്ചർ കടയിലാണ് മോഷണം നടന്നത്. മുറിക്കകത്തുണ്ടായിരുന്ന ഫാനുകളും കിറ്റുകളുമാണ് മോഷണം പോയത്. മോഷ്ടാവിന്റെ ദൃശ്യം കടയിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവ് കടയിൽ കയറി കാഷ് കൗണ്ടർ പരിശോധിക്കുന്നത് സി.സി.ടി.വിയിൽ വ്യക്തമായി കാണുന്നുണ്ട്. കാഷ് കൗണ്ടറിൽ നിന്ന് ഒന്നും കിട്ടിയില്ല.

കടയിലെ മറ്റ് സ്ഥലങ്ങളിലും മോഷ്ടാവ് പരിശോധിക്കുന്ന ദൃശ്യം സി.സി.ടി.വിയിലുണ്ട്. ഒളിക്യാമറയുണ്ടെന്ന് മനസിലാക്കിയ മോഷ്ടാവ് കാമറ തിരിച്ചുവച്ചാണ് ഫാനുകളും മറ്റും മോഷ്ടിച്ചുകൊണ്ടുപോയത്. ഇന്നലെ പുലർച്ചെ 1.30 മണിയോടെയാണ് മോഷ്ടാവ് ഫർണീച്ചർ കടയിൽ കയറിയത്.

ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പുലർച്ചെ ആറുമണിക്ക് ബദിയടുക്കയിൽ നിന്ന് കർണാടകയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തുന്നുണ്ട്. ഈ ബസിൽ ഒരാൾ ചുമടുമായി കയറുന്നത് പരിസരത്തുണ്ടായിരുന്ന ചിലരുടെ ശ്രദ്ധയിൽ പെട്ടതായി പൊലീസിന് വിവരം ലഭിച്ചു. മോഷ്ടാവ് കർണാടകയിലേക്ക് പോയതായി സംശയം ബലപ്പെട്ടിട്ടുണ്ട്. ഫർണീച്ചർ കടയിലെ സി.സി.ടി.വി ദൃശ്യം കർണാടക പൊലീസിന് കൈമാറിയതായി ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാർ പറഞ്ഞു.