
കണ്ണൂർ:മധുവിധു ആഘോഷിക്കാൻ റഷ്യയിൽ നിന്ന് കണ്ണൂരിൽ പറന്നിറങ്ങിയ വധൂവരൻമാർ രാവിലെ കൈക്കോട്ടുമായി തൊടിയിലേക്കിറങ്ങും. ചാണകവും കോഴിക്കാഷ്ടവും ഒരു മടിയുമില്ലാതെ കൈകൊണ്ട് വാരി വിതറും.
ചീരയും പയറും നട്ട് വളമിട്ടും കളപറിച്ചും ആനന്ദിക്കുകയാണ് റഷ്യൻ ദമ്പതികളായ ബോഗ്ദാൻ ഡ്വോറോവിയും അലക്‌സാഡ്രിയയും.
ജൈവകൃഷിയോടുള്ള പ്രണയമാണ് സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്ന് ഇവരെ കണ്ണൂരിലെ കൊച്ചു ഗ്രാമമായ ആദികടലായിയിൽ എത്തിച്ചത്. രണ്ടു മാസം മുമ്പായിരുന്നു വിവാഹം. രണ്ടാഴ്ച മുമ്പാണ് കണ്ണൂരെത്തിയത്. വിളവെടുത്തശേഷം മാർച്ചിലേ മടങ്ങൂ.
ബിരുദധാരികളാണ് ഇരുവരും. യാത്രയ്ക്കിടയിലാണ് കണ്ടുമുട്ടിയതും ഇഷ്ടത്തിലായി വിവാഹിതരായതും.
വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ച് തനത് കൃഷി പഠിക്കുകയാണ് ലക്ഷ്യം.
ആദികടലായിയിലെ ജൈവ കർഷകനായ ഇ.വി. ഹാരിസാണ് ഇവരെ ഇവിടേയ്ക്ക് ക്ഷണിച്ചത്.
വേൾഡ് വൈഡ് ഓപ്പർച്ചൂണിറ്റീസ് ഓൺ ഓർഗാനിക് ഫാംസ് ഇന്ത്യ എന്ന വെബ്സൈറ്റിൽ ഹാരിസ് തന്റെ ഫാം രജിസ്റ്റർ ചെയ്തിരുന്നു. അങ്ങനെയാണ് ഇവർ ഹാരിസിന്റെ ഫാമിനെ കുറിച്ചറിഞ്ഞത്. അന്വേഷിച്ച് വിളിച്ചപ്പോൾ വീടിന്റെ ചെറിയൊരു ഭാഗത്ത് താമസ സൗകര്യമൊരുക്കാമെന്നും ജൈവകൃഷി പഠിപ്പിക്കാമെന്നും ഏറ്റു. ഒരാഴ്ചയ്ക്കുള്ളിൽ ഇരുവരും കണ്ണൂരിൽ പറന്നിറങ്ങി. 15 വർഷമായി ജൈവ കൃഷി ചെയ്യുന്നുണ്ട് ഹാരിസ്.
കൈക്കോട്ടുമായി
പറമ്പിൽ
രാവിലെ ആറിന് കൈക്കോട്ടുമായി തൊടിയിലേക്കിറങ്ങും. തോട്ടം നനച്ചും വിളകളെ പരിപാലിച്ചും 10 മണിവരെ ചെലവഴിക്കും. പയർ, വെണ്ട, പച്ചമുളക്, ചീര, ഇഞ്ചി എന്നിവയുടെ തൈകൾ ഇരുവരും ചേർന്ന് നട്ട് പരിപാലിക്കുകയാണ്. ദോശയാണ് ഡ്വോറോവിയുടെ ഇഷ്ട വിഭവം. അലക്‌സാഡ്രിയയ്ക്ക് ഉപ്പുമാവും.
റഷ്യയിൽ വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറി ബോഗ്ദാൻ കൃഷി ചെയ്യാറുണ്ട്. പ്രകൃതിയെയും മനുഷ്യരെയും കുറിച്ച് 'ദി സീഡ്' എന്ന പുസ്തകവും എഴുതി.
ലോകമാകെ സഞ്ചരിച്ച് കൃഷിരീതികൾ പഠിച്ച് അത് അവിടങ്ങളിൽ ചെയ്യാനാണ് ആഗ്രഹം
ബോഗ്ദാൻ ഡ്വോറോവി