hospital

കണ്ണൂർ: കുറഞ്ഞ ചെലവിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ആശുപത്രിയിൽ ഒരുക്കിയ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കാത്ത് ലാബ് ചികിത്സാ രംഗത്തെ പുത്തൻ നാഴികക്കല്ലാണ്. കിഫ്ബി ഫണ്ടിൽ നിന്ന് എട്ടു കോടി രൂപ ചെലവഴിച്ചായിരുന്നു നിർമ്മാണം. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചായിരുന്നു വൈദ്യുതീകരണം.

പെരിഫെറൽ ബ്ലോക്കുകൾക്കുള്ള ചികിത്സയടക്കം ഇവിടെ ലഭ്യമാണ്. സി ആം മെഷീൻ, ഡൈ ഇൻജെക്ടർ, വെന്റിലേറ്റർ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ലാബിൽ ഒരു കാർഡിയോളജിസ്റ്റും ടെക്‌നിക്കൽ സ്റ്റാഫും സ്‌ക്രബ്ബ് നഴ്‌സും ഉൾപ്പെടെ മൂന്നു പേരുണ്ടാകും. ലാബിനുള്ളിലെ പ്രവർത്തനങ്ങൾ ലൈവ് മോണിറ്റർ ചെയ്യാനുള്ള കൺട്രോൾ റൂമും ഒരുക്കിയിട്ടുണ്ട്. രോഗികൾക്കായി നാലു കിടക്കകളോടെ പ്രീ കാത്ത് ഏരിയയും രോഗികളുടെ വിശ്രമത്തിനും നിരീക്ഷണത്തിനുമായി പത്തു കിടക്കകളോടു കൂടിയ പോസ്റ്റ് കാത്ത് ഐ.സി.യുവും ഉണ്ട് .

60 കോടിയുടെ നവീകരണം ഉടൻ

അറുപതു കോടിയുടെ ആദ്യഘട്ട നിർമ്മാണ നവീകരണ പ്രവർത്തനങ്ങൾക്ക് അനുമതിയായി. ചില കെട്ടിടങ്ങൾ നവീകരിക്കും. പുതിയ ബ്ലോക്കുകൾ നിർമ്മിക്കും. വിവിധ കെട്ടിടങ്ങളിലായി ചിതറിക്കിടക്കുന്ന ചികിത്സാസൗകര്യങ്ങൾ പുനഃക്രമീകരിക്കും.

രോഗികൾക്ക് അടിയന്തര ഘട്ടങ്ങളിൽ ഓക്സിജൻ ലഭ്യമാക്കുന്നതിന് സെൻട്രലൈസ്ഡ് മെഡിക്കൽ ഗ്യാസ് പ്ലാന്റ് നിർമ്മിക്കും. ഇടതടവില്ലാതെ വൈദ്യുതി ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങളുമുണ്ടാകും.

കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങൾ ഇരട്ടിയാക്കും. പേ വാർഡുകൾ വിപുലീകരിക്കും. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഏഴ് ഓപ്പറേഷൻ തിയറ്ററുകൾ, പുതിയ ബ്ലഡ് ബാങ്ക്, കൂടുതൽ എക്സ്‌റേ, അൾട്രാ സൗണ്ട് എം.ആർ.ഐ സ്‌കാനിംഗ് സംവിധാനങ്ങൾ, ഒ.പിയിൽ മൂന്നൂറോളം പേർക്ക് ഇരിക്കാവുന്ന കാത്തിരിപ്പു കേന്ദ്രം, 300ലേറെ പേരെ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.

സർജിക്കൽ ഓങ്കോളജി വിഭാഗത്തിന്റെ പ്രവർത്തനം പൂർത്തിയാക്കാൻ 5.5 കോടിയും സർജിക്കൽ ഓങ്കോളജി തീയറ്റർ സംവിധാനത്തിനായി 2 കോടിയും അനുവദിച്ചിരുന്നു. റേഡിയോളജി വിഭാഗത്തിൽ ഡിജിറ്റൽ റേഡിയോഗ്രഫി, മാമോഗ്രാം എന്നിവയ്ക്ക് ഉൾപ്പെടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് 287 കോടി രൂപയ്ക്കാണ് അനുമതിയായത്. മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കും.

അവയവമാറ്റത്തിനും തയ്യാർ

അവയവമാറ്റത്തിന് മാത്രമായി സംസ്ഥാനത്ത് ഒരു ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലായി പ്രത്യേകം ടീം ഇതിനായി സജ്ജമാണ്. ഏറ്റവും പണച്ചെലവുള്ള അവയവമാറ്റ ശസ്ത്രക്രിയ സർക്കാർ മേഖലയിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇനി അത് സാദ്ധ്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

സർക്കാർ ആശുപത്രികളെ രോഗി സൗഹൃദവും ജന സൗഹ്യദവുമാക്കുക എന്നതാണ് ആർദ്രം പദ്ധതി വിഭാവനം ചെയ്തപ്പോൾ സർക്കാർ ലക്ഷ്യമിട്ടത്. മൂന്ന് ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കുന്നത്. മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങൾ സജ്ജമാക്കി മുന്നോട്ട് കുതിക്കുകയാണ് സർക്കാർ ആശുപതികൾ. കാർഡിയോളജി ഉൾപ്പെടെയുള്ള സേവനങ്ങൾ ജില്ലാ ആശുപത്രികളിൽ ഇന്ന് ലഭ്യമാണ്. പത്ത് കാത്ത് ലാബുകളാണ് സംസ്ഥാനത്ത് പൂർത്തിയായത്. മെഡിക്കൽ കോളേജ് വഴി സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്.

പണമില്ലാത്തതിനാൽ ഒരാൾക്കും ചികിത്സ നിഷേധിക്കില്ലെന്ന നിലപാടാണ് സർക്കാരിന്റേത്. മുൻ കാലങ്ങളെ അപേക്ഷിച്ച് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വലിയ തോതിൽ ഉയർന്നിട്ടുണ്ട്.

( അവസാനിച്ചു)​