കാഞ്ഞങ്ങാട്: ജെട്ടിയിൽ നിന്ന് സ്പീഡ് ബോട്ട് കടലിൽ ഒഴുകിപ്പോയി. മത്സ്യ തൊഴിലാളികൾ കണ്ടെത്തി കരയിലെത്തിച്ചു. പള്ളിക്കര ബീച്ചിൽ നിന്ന് സ്വകാര്യ സ്പീഡ് ബോട്ടാണ് വ്യാഴാഴ്ച രാത്രിയിൽ ഒഴുക്കിൽപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ബോട്ട് കാണാത്തതിനെ തുടർന്ന് ബന്ധപ്പെട്ടവർ ബേക്കൽ കോസ്റ്റൽ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് മത്സ്യ തൊഴിലാളികൾക്കും കടലോര ജാഗ്രതാ സമിതി പ്രവർത്തകർക്കും വിവരം കൈമാറി.
ഇതിനിടെ അജാനൂർ കടപ്പുറത്തു നിന്നു പുലർച്ചെ നാലുമണിയോടെ മത്സ്യബന്ധനത്തിനു പോയ ശിവമുത്തപ്പൻ വള്ളത്തിലെ തൊഴിലാളികളായ അജിത്ത്, നാരായണൻ , മഹേന്ദ്രൻ എന്നിവരാണ് ബോട്ട് കരയിലെത്തിച്ചത്. തങ്ങളുടെ വള്ളത്തിനു പിന്നിൽ കെട്ടിവലിച്ചാണ് ഒന്നര മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ അജാനൂർ കടപ്പുറത്ത് എത്തിച്ചത്. ഇവിടെ എത്തിയപ്പോഴാണ് ഇവർ ബേക്കലിൽ നിന്നു കാണാതായ സ്പീഡ് ബോട്ടാണ് ഇതെന്ന് അറിയുന്നത്.
ഉടൻ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു സ്പീഡ് ബോട്ട് കൊണ്ടുപോയി. കെട്ടിയിട്ട സ്പീഡ് ബോട്ടിന്റെ കയർ കത്തികൊണ്ട് മുറിച്ചു മാറ്റിയതിനാലാണ് ബോട്ട് കടലിൽ ഒഴുകി പോയതെന്ന് സംശയിക്കുന്നു. കയറിനു കത്തികൊണ്ട് മുറിച്ച പാട് ഉണ്ട്.