നീലേശ്വരം: ഒരു കാലത്ത് തോണി മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന ദ്വീപ് നിവാസികൾക്ക് പാലം ഒരു അശ്വാസമായെങ്കിലും ഇപ്പോൾ കുടുംബങ്ങൾ നെഞ്ചിടിപ്പോടെയാണ് കഴിയുന്നത്. നീലേശ്വരം നഗരസഭയിലെ ഏക ദ്വീപായ മുണ്ടേമ്മാട് പ്രദേശവാസികൾക്കാണ് ഇപ്പോൾ ഉറക്കം നഷ്ടപെടുന്നത്. 75 മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലും മുണ്ടേമ്മാട് പുഴക്ക് കുറുകെ നിർമ്മിച്ച പാലമാണ് ഇപ്പോൾ അപകടാവസ്ഥയിലുള്ളത്.
പാലത്തിന്റെ മദ്ധ്യത്തിലുള്ള തൂണുകൾ പുഴയിലേക്ക് പൂർണമായും താഴ്ന്ന് വീഴാവുന്ന അവസ്ഥയിലാണ്. ഇത് മൂലം പാലത്തിന്റെ മുകളിൽ നടുഭാഗം അമർന്ന നിലയിലാണ്. ദ്വീപ് നിവാസികളുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് 1997 ജനുവരി അഞ്ചിന് നിർമ്മാണം പൂർത്തിയാക്കി അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാർ പാലം തുറന്ന് കൊടുത്തത്. പൊതുമരാമത്ത് വകുപ്പിന്റെ ശിലാഫലകത്തിൽ നടപ്പാലമെന്നാണ് എഴുതിയത്. എന്നാൽ പിന്നീട് നാട്ടുകാർ പാലത്തിലൂടെ വാഹനങ്ങളിൽ സഞ്ചരിക്കുവാൻ തുടങ്ങി. പുഴയിലെ ശക്തമായ ചെളിയും അനധികൃത മണൽ വാരലുമാണ് പാലം തകർച്ച നേരിടുവാൻ പ്രധാനകാരണം.
നൂറോളം കുടുംബങ്ങൾ താമസിക്കുന്ന ദ്വീപിൽ വേലിയേറ്റ സമയത്ത് ഉപ്പ് വെള്ളം വീട്ടിലേക്ക് കയറുന്നതും മറ്റൊരു ഭീഷണിയാണ്. കള്ള് ചെത്തും ബീഡി തെറുപ്പും കൂലി പണിയുമാണ് ഭൂരിഭാഗം കുടുംബങ്ങളുടെയും ജീവിതമാർഗ്ഗം.
ബഡ്ജറ്റിലെ പാലം യാഥാർത്ഥ്യമാക്കണം
വാഹന ഗതാഗത യോഗ്യമായ പുതിയൊരു പാലം വേണമെന്ന മുണ്ടേമ്മാട് ദ്വീപ് നിവാസികളുടെ ആവശ്യം ഇപ്പോഴും സർക്കാരിന്റെ പരിഗണനയിൽ മാത്രമാണ്. എം. രാജഗോപാലൻ എം.എൽ.എയുടെ ഇടപെടൽ മൂലം 2022 ലെ സംസ്ഥാന സർക്കാർ ബഡ്ജറ്റ് അവതരണത്തിൽ പുതിയ പാലം നിർമ്മിക്കാൻ പത്ത് കോടി രൂപ നീക്കിവച്ചങ്കിലും പിന്നീടൊന്നും ഉണ്ടായില്ല. പൊതുമരാമത്ത് വകുപ്പ് ഔദ്യോഗികമായി തുടർ നടപടികളോ മറ്റ് പ്രഖ്യാപനങ്ങളോ ഒന്നും നടത്തിയില്ല. ഇനിയും അധികൃതരുടെ നടപടി ക്രമങ്ങൾ വൈകിയാൽ ഒരു പക്ഷേ മുണ്ടേമ്മാട് പാലം പുഴയിലുണ്ടാകും. മഴക്കാലത്ത് വെള്ളപ്പൊക്കം വന്നാൽ ദ്വീപ് നിവാസികൾ ഒറ്റപ്പെടുന്ന നിലയിലാണ്. ചെറിയൊരാശ്വാസം നിലവിലുള്ള നടപ്പാലമായിരുന്നു.