plane

കാസർകോട്: മംഗലാപുരം വിമാന ദുരന്തം സംഭവിച്ച് 12 വർഷമായിട്ടും മരണപ്പെട്ടവരുടെ ആശ്രിതരെയും പരിക്കേറ്റവരെയും എയർ ഇന്ത്യ കമ്പനി വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന് ആശ്രിതരുടെ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിമാനദുരന്തത്തിൽ 158 പേർ മരിക്കുകയും എട്ട് പേർ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു.

ഇൻഷ്വറൻസ് കമ്പനിയിൽ നിന്നും മരണപ്പെട്ടവരുടെ ആശ്രിതർക്ക് നൽകാനുള്ള മുഴുവൻ തുകയും എയർ ഇന്ത്യ കൈപ്പറ്റിയതിനു ശേഷം നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകാതെ മരണപ്പെട്ടവരുടെ ആശ്രിതരോട് അനീതി തുടരുകയാണ്.

ഇപ്പോൾ എയർ ഇന്ത്യ എക്സ്‌പ്രസ്സ് കേന്ദ്ര ഗവൺമെന്റ് സ്വകാര്യവത്കരിച്ചു എന്ന സാങ്കേതിക കാരണം പറഞ്ഞ്, കേരള ഹൈക്കോടതി മുമ്പാകെ നിലവിലുള്ള മുഴുവൻ റിട്ട് ഹരജികളും തള്ളണമെന്ന് ആവശ്യപ്പെട്ട് പരാതി ബോധിപ്പിച്ചിരിക്കുകയാണ്. എയർ ഇന്ത്യയുടെ ഈ സമീപനം മരണപ്പെട്ടവരുടെ ആശ്രിതരോട് കാണിക്കുന്ന അനീതിയും അവകാശ ലംഘനവുമാണ്. സ്വകാര്യവത്കരിക്കുന്നത് വരെയുള്ള മുഴുവൻ ബാദ്ധ്യതയും എയർ ഇന്ത്യക്കും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ രൂപീകരിച്ച ജലസ്സ് എന്ന കമ്പനിക്കും കേന്ദ്ര ഗവൺമെന്റിനുമാണ്. നിലവിലെ നിയമപ്രകാരം മരണപ്പെട്ടവരുടെ ആശ്രിതർക്ക് ഏകദേശം ഒരു കോടി മുപ്പത്തഞ്ച് ലക്ഷം രൂപയാണ് നൽകേണ്ടത്.

കഴിഞ്ഞ 12 വർഷമായി നീതി ലഭിക്കുന്നതിനു വേണ്ടി മരണപ്പെട്ടവരുടെ ആശ്രിതർ നടത്തുന്ന നിയമപോരാട്ടം കേവലം സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി പരാജയപ്പെടുത്താൻ ശ്രമിക്കുന്ന എയർ ഇന്ത്യഎക്സ്‌പ്രസ്സിന്റെ നടപടി തികച്ചും അപലപനീയവും വഞ്ചനാപരവുമാണെന്ന് ഇവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് നാരായണൻ നായർ, അഡ്വ. കെ.പി മുഹമ്മദ് ആരിഫ്, അഡ്വ. യു.കെ ജലീൽ പുനൂർ, എച്ച്.എം ഹസനബ്ബ, അബ്ദുൾ സലാം, എസ്. കൃഷ്ണൻ കൂളിക്കുന്ന് എന്നിവർ സംബന്ധിച്ചു.