x

തളിപ്പറമ്പ്: പറശ്ശിനിക്കടവിലെ ലോഡ്ജിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലെ നാല് പ്രതികളെ തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി സി. മുജീബ് റഹ്മാൻ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടു. മാട്ടൂൽ സ്വദേശി സന്ദീപ് (34), ചൊറുക്കളയിലെ ശംസുദ്ദീൻ (38), ശ്രീകണ്ഠപുരത്തെ ശബീർ (40), നടുവിലെ അയ്യൂബ് (41) എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. പീഡനത്തിനിരയായ പെൺകുട്ടി പ്രതികളെ തിരിച്ചറിയാത്ത സാഹചര്യത്തിലാണ് ഇവരെ വെറുതെവിട്ടത്.

2018 നവംബർ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ലോഡ്ജിൽ വച്ച് ഒട്ടേറെപ്പേർ പീഡിപ്പിച്ചുവെന്നാണ് കേസ്. കേസിലെ അഞ്ചാംപ്രതി പവിത്രനെതിരെയുള്ള കുറ്റപത്രം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പെൺകുട്ടിയുടെ പിതാവിനെ കോടതി ശിക്ഷിക്കുകയും ചെയ്തു. ഇതേ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളിലൊരാൾ ജീവനൊടുക്കിയിരുന്നു. പ്രതികൾക്കുവേണ്ടി അഭിഭാഷകരായ കെ.വി മുഹസിൻ, വി. ജയകൃഷ്ണൻ, കെ.വി മുംതാസ്, വിനോദ്കുമാർ, നൗഷാദ് എന്നിവർ ഹാജരായി.