g

കാസർകോട്: തൃക്കരിപ്പൂർ വയലോടിയിലെ പ്രിജേഷിനെ (32) ഒരു സംഘം അടിച്ചും ചവുട്ടിയും കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ കൂടി ചന്തേര പൊലീസ് അറസ്റ്റുചെയ്തു. തൃക്കരിപ്പൂർ പൂവളപ്പിലെ ഷൗക്കത്ത് (23), പൊറോപ്പാട് സ്വദേശി യൂനുസ് (24) എന്നിവരെയാണ് ചന്തേര ഇൻസ്‌പെക്ടർ പി. നാരായണൻ, എസ്.ഐ എം.വി ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കൊലക്കേസിൽ പൊലീസ് അറസ്റ്റുചെയ്തവരുടെ എണ്ണം അഞ്ചായി. പൊറോപ്പാട് സ്വദേശികളായ ഒന്നാം പ്രതി ഒ.ടി മുഹമ്മദ്‌ ഷബാസ് (22), പി.കെ ഹൌസിൽ മുഹമ്മദ്‌ റഹ്‌നാസ് (23), മുഹമ്മദ്‌ സഫ്‌വാൻ (25) എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. ഒരാളെ കൂടി പിടികിട്ടാൻ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ നെഞ്ചിന്റെ വാരിയെല്ല് തകർന്നതും ആന്തരിക അവയവങ്ങൾ തകർന്ന് അമിത രക്‌തസ്രാവം ഉണ്ടായതുമാണ് പ്രിജേഷിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. പ്രിജേഷിനെ രാത്രി വിളിച്ചുവരുത്തി സംഘം അടിച്ചു കൊല്ലുകയായിരുന്നു.

അടിയേറ്റ യുവാവിനെ ഒന്നാം പ്രതിയുടെ വീടിനടുത്ത് താമസിക്കുന്ന ബന്ധുവിന്റെ അടുത്ത് കൊണ്ടുപോയി യുവാവിന്റെ വീട് കാണിച്ചു തരാൻ ആവശ്യപ്പെട്ടിരുന്നു. മദ്യലഹരിയിൽ വീണെന്നാണ് പ്രതികൾ പറഞ്ഞതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ആ വീട്ടിൽ നിന്ന് കൂട്ടികൊണ്ട് വന്ന ശേഷം മണിക്കൂറുകൾ വീണ്ടും അടിച്ചാണ് യുവാവിനെ കൊന്നത്. കേസിലെ പ്രതികളെ മുഴുവൻ ഈ ബന്ധു തിരിച്ചറിഞ്ഞിരുന്നു.