കാഞ്ഞങ്ങാട്: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മാൻദൗസ് ചുഴലിക്കാറ്റ് തമിഴ്നാടിൽ കരതൊട്ട ശേഷം ദുർബലമായി തുടങ്ങിയെങ്കിലും ജാഗ്രത തുടരുന്നു. വടക്കൻ കേരളത്തിലൂടെയോ കർണാടകയിലൂടെയോ കാറ്റ് അറബിക്കടലിൽ പ്രവേശിച്ചേക്കും എന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നല്കി. ഞായറാഴ്ച മുതൽ കടലിൽ ഉള്ള മുഴുവൻ യാനങ്ങളും കരയിലും മറ്റുസുരക്ഷിതയിടത്തേക്കും മാറ്റി.
കരയോട് ചേർന്ന് കടലിൽ തന്നെ നങ്കൂരമിടാറുള്ള യാനങ്ങളാണ് മാറ്റിയത്. ഞായറാഴ്ച രാവിലെ മുതൽ കടലിലും തീരദേശത്തും ഇരുൾമൂടി തണുത്ത കാറ്റും വീശുന്നുണ്ട്. കേരള -കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ 12 നും 13 നും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
പ്രത്യേക കാലാവസ്ഥ മുന്നറിയിപ്പ്
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 12 നും 13 നും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യത. 14ന് തെക്ക് കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മദ്ധ്യകിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയും പറയുന്നു.