കൂത്തുപറമ്പ്: നിരവധി കവർച്ചാ കേസുകളിൽ പ്രതികളായ അന്തർ ജില്ല മോഷ്ടാക്കളെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഭരണങ്ങാനത്തെ വി.ടി അഭിലാഷ്, പൂഞ്ഞാറിലെ കീരി സുനി എന്ന സുനിൽ സുരേന്ദ്രൻ എന്നിവരെയാണ് എ.സി.പി പ്രദീപൻ കണ്ണിപൊയിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ബൈക്ക് മോഷ്ടിക്കുകയും ബൈക്കുമായി സഞ്ചരിച്ച്

സ്ത്രീയുടെ സ്വർണമാല പൊട്ടിച്ചെടുത്ത സംഭവത്തിലുമാണ് അറസ്റ്റ്.

പാറാലിലെ ശോഭ കാരായിയുടെ മൂന്ന് പവൻ തൂക്കംവരുന്ന സ്വർണമാലയാണ് തട്ടിയെടുത്തത്. കതിരൂരിൽ നിന്ന് സ്ത്രീയുടെ സ്വർണ്ണ മാല മോഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. കൂത്തുപറമ്പിലെ സംഭവത്തിന് ശേഷം ഏലത്തൂരിൽ നിന്നും മറ്റൊരു സ്ത്രീയുടെ മാല മോഷ്ടിച്ചതായും ചോദ്യം ചെയ്യലിനിടെ പ്രതികൾ പറഞ്ഞു.

എറണാകുളം, പത്തനംതിട്ട, കോട്ടയം, തൃശൂർ, മലപ്പുറം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലായി സ്വർണമാലകളും, ബൈക്കും കവർച്ച ചെയ്ത മുപ്പതിലധികം കേസുകൾ ഇവർക്കെതിരെയുണ്ട്.

അഭിലാഷിനെ കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വച്ചും, സുനിലിനെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ വച്ചുമാണ് പൊലീസ് സംഘം പിടികൂടിയത്. മോഷ്ടിച്ച ശേഷം മലപ്പുറം മഞ്ചേരിയിൽ ഉപേക്ഷിച്ച ബൈക്കും കണ്ടെത്തി. മോഷ്ടിച്ച സ്വർണമാല പ്രതികൾ മധുരയിൽ വിൽക്കുകയാണ് ചെയ്തത്. എ.സി.പി സക്വാഡ് അംഗങ്ങളായ എ.എസ്.ഐ മിനീഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ കെ.എ സുധി, രാഹുൽ ദാമോദരൻ, പി. അനൂപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.