
ആലക്കോട്: ആരോഗ്യരക്ഷയെക്കുറിച്ചുള്ള നൂതനമായ ആശയങ്ങൾ വേറിട്ട വഴികളിലൂടെ പൊതുജനങ്ങൾക്കിടയിലെത്തിച്ച ഹെൽത്ത് ഇൻസ്‌പെക്ടർ ഇ.ജെ. അഗസ്റ്റിൻ കാർഷികരംഗത്തും വ്യത്യസ്തനാവുകയാണ്.
ചന്ദനക്കാംപാറ സ്വദേശിയായ അഗസ്റ്റിൻ ആലക്കോട്, കണിച്ചാർ പഞ്ചായത്തുകളിൽ പ്രമേഹ രോഗത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി പഞ്ചായത്തിന്റെയും വ്യാപാരികളുടെയും സഹകരണത്തോടെ നടപ്പിലാക്കിയ പഞ്ചാരഹർത്താലിലൂടെയാണ് അഗസ്റ്റിൻ ശ്രദ്ധേയനായത്. കൊവിഡ് പടർന്നുപിടിച്ചപ്പോൾ കൈ നന്നായി കഴുകൂ, തൂവാല ഉപയോഗിച്ച് തുടയ്ക്കൂ എന്ന സന്ദേശമുയർത്തി കണിച്ചാർ പഞ്ചായത്തിൽ സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും പതിനായിരത്തോളം തൂവാലകൾ വിതരണം ചെയ്തതും വാർത്തയായി.
ക്വാറന്റൈൻ കാലത്ത് വീടിനുള്ളിൽ വെറുതെയിരിക്കുന്ന സമയത്താണ് സ്വന്തമായുള്ള രണ്ടേക്കർ സ്ഥലത്ത് കൃഷി ചെയ്യാനായി അഗസ്റ്റിൻ ഇറങ്ങിയത്. ചെങ്ങളായി പി.എച്ച്.സിയിൽ നഴ്സായ ഭാര്യ റെജീനയും ബി.ഫാം ബിരുദധാരിയായ മകളും പിന്തുണയുമായെത്തി. വാഴ, മരച്ചീനി, ചേമ്പ്, കാച്ചിൽ, പച്ചക്കറികൾ തുടങ്ങിയവയൊക്കെ കൃഷി ചെയ്തു. വെള്ളത്തിനായി നിർമ്മിച്ച കുളത്തിൽ മത്സ്യകൃഷിയും വീടിനോടു ചേർന്ന് നാടൻ കോഴി വളർത്തലും ആരംഭിച്ചു.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർ ആയി ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന അഗസ്റ്റിൻ അവധി ദിനങ്ങളിൽ തനി നാടൻ കർഷകനായി തന്റെ കൃഷിയിടത്തിലുണ്ടാകും. ജോലിത്തിരക്കുകൾക്കിടയിൽ കിട്ടുന്ന സമയം കാർഷികരംഗത്ത് വിനയോഗിച്ച് ആരോഗ്യവും വരുമാനവും വർദ്ധിപ്പിക്കാൻ കഴിയുന്നത് മറ്റുള്ളവർക്കും പ്രചോദനമാകട്ടെയെന്നാണ് അഗസ്റ്റിൻ പറയുന്നത്. എട്ട് പതിറ്റാണ്ട് മുമ്പ് കൊടയത്തൂരിൽ നിന്നും ചന്ദനക്കാംപാറയിലേക്ക് കുടിയേറിയ പരേതനായ ഈന്തോട്ടത്തിൽ ജോസഫ് മേരി ദമ്പതികളുടെ 10 മക്കളിൽ ഇളയവനാണ് ഇ.ജെ. അഗസ്റ്റിൻ.
ഒരു വർഷം കൊണ്ട് തന്നെ നല്ലൊരു വരുമാനം കിട്ടിയതിനുപുറമെ ആരോഗ്യം പുഷ്ടിപ്പെടുത്താനും കഴിഞ്ഞു
ഇ.ജെ. അഗസ്റ്റിൻ.