
കൂത്തുപറമ്പ്: നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് കെ.എസ്.ഇ.ബി ജീവനക്കാർ ഉൾപ്പെടെ നാല് പേർക്ക് ഗുരുതര പരിക്ക്. ഇന്നലെ വൈകുന്നേരം നാലര മണിയോടെ കായലോടാണ് സംഭവം.
കെ എസ് ഇ ബി വേങ്ങാട് സെക്ഷനിലെ ലൈൻമാൻമാരായ മൗവ്വേരിയിലെ സുനിൽ വളയങ്ങാടൻ, ഓടക്കടവിലെ സുധീഷ്, വർക്കർ വേങ്ങാട് തെരുവിലെ റെനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ സുനിലിനെ മംഗലാപുരത്തെയും സുധീഷിനെ ചാലയിലെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെനീഷ് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാരിൽ ഒരാൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
കണ്ണൂർ -കൂത്തുപറമ്പ് റോഡിൽ കായലോട് പെട്രോൾ പമ്പിന് സമീപം ലൈനിലെ അറ്റകുറ്റപ്പണിക്ക് എത്തിയതായിരുന്നു ജീവനക്കാർ. ഈ സമയം അമിത വേഗത്തിൽ കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നാലുപേരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വയനാട് തോൽപ്പെട്ടി സ്വദേശി മാധവൻ ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇയാളെയും കാറും പിണറായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.