jayarajan

കണ്ണൂർ: ഖാദി ബോർഡിനെ ഇല്ലാതാക്കാൻ ചിലർ ദുഷ്പ്രചാരണം നടത്തുന്നുവെന്ന് ബോർഡ് വൈസ് ചെയർമാൻ പി .ജയരാജൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. താത്കാലിക ജീവനക്കാരിയെ പിരിച്ചു വിട്ട സംഭവം വിവാദമാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

റിബേറ്റ് സീസണിൽ താത്കാലികമായി നിയമിച്ചയാളെയാണ് പറഞ്ഞു വിട്ടത്. കണ്ണൂർ ലേബർ കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നത് തെറ്റാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.രാഷ്ട്രീയ അജൻഡ വച്ചാണ് ഈ ജീവനക്കാരി പെരുമാറുന്നത്.വിൽപ്പന വിഭാഗത്തിലെ ദിവസ വേതനക്കാരിയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടാണ് ഡി.സി സി പ്രസിഡന്റ് വാർത്താ സമ്മേളനം നടത്തിയത്. ഖാദി ബോർഡിൽ 37 വർഷം വരെ സർവീസ് ഉള്ള ദിവസവേതനക്കാരടക്കമുണ്ട്. സെയിൽസ് വിഭാഗത്തിലെ ദിവസ വേതനക്കാരിൽ അഞ്ചുപേർ 25 വർഷത്തിന് മേലെയും ഇരുപതുപേർ 10 മുതൽ 25 വർഷം വരെയും പത്തുപേർ അഞ്ചുവർഷത്തിന് മേലെയും പ്രവൃത്തി പരിചയമുള്ളവരാണ്. എന്നാൽ വിവാദമുണ്ടാക്കുന്ന ജീവനക്കാരിയ്ക്ക് നാലുവർഷത്തെ സർവീസ് മാത്രമാണുള്ളത്.

പത്ത് വർഷം വരെ സർവീസുള്ളവരെ സ്ഥിരപ്പെടുത്തുന്നുവെന്ന് ആരോപിച്ച് 2021 ൽ ഹൈക്കോടതിയിൽ ഐ.എൻ.ടി.യു.സി യൂണിയൻ ജനറൽ സെക്രട്ടറി ഹർജി കൊടുത്തിരുന്നു. അതാണ് സർവീസിലുള്ളവർക്ക് തിരിച്ചടിയായത്. ഈ വസ്തുത നിലനിൽക്കെ ഡി.സി.സി പ്രസിഡന്റ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും ജയരാജൻ കുറ്റപ്പെടുത്തി.

ക്രിസ്മസ്, പുതുവത്സര മേള 19ന് തുടങ്ങും

ഖാദിയുടെ ക്രിസ്മസ് ന്യൂ ഇയർ റിബേറ്റ് സീസൺ19 മുതൽ ജനുവരി 5 വരെ നടക്കും.19 ന് രാവിലെ ടി.പദ്മനാഭൻ റിബേറ്റ് മേള ഉദ്ഘാടനം ചെയ്യും. ഖാദി ഭവൻ കണ്ണൂരിൽ നടക്കും. 150 കോടിയുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നത്. ഓണക്കാലത്ത് നടത്തിയ ഖാദിമേളയിലെ സമ്മാനം സ്പീക്കർ വിതരണം ചെയ്തു. ഇതിനകം 50 കോടിയുടെ വസ്ത്ര വിൽപ്പന നടന്നു. വസ്ത്ര വിപണന മേഖലയിൽ കുതിച്ചുചാട്ടം ഉണ്ടായതായും ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.